Skip to main content

മുത്ത്വലാഖ് ബില്ല്‌: കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു മണ്ടത്തരം

അസാധുവാണെന്ന് സുപ്രീം കോടതി വിധിച്ച മുത്ത്വലാഖ് സിവില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ക്രിമിനല്‍ കുറ്റമാക്കി മാറ്റി അതിന് കഠിന ശിക്ഷ നല്‍കുന്ന സ്ത്രീ സംരക്ഷണ ബില്‍ മോദി സര്‍ക്കാരിന്റെ മറ്റൊരു മണ്ടത്തരമാണ്.
സുപ്രീം കോടതി അസാധുവാക്കിയ നിയമത്തെ പുനര്‍ നിര്‍ണയം നടത്തി, മുത്ത്വലാഖ് ചൊല്ലിയാല്‍ സാധുവാകുമോ എന്നു സംശയിക്കാവുന്ന പുതിയ നിയമനിര്‍മ്മാണമാണ് ഇതിലൂടെ ഉണ്ടാകുന്നത്. മുത്ത്വലാഖിന്റെ പേരില്‍ ജയിലിലാക്കപ്പെടുന്ന ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വിച്ഛേദിക്കപ്പെടാതെ തന്നെ, അയാള്‍ അവള്‍ക്ക് ജീവനാംശം നല്‍കേണ്ടി വരുന്നതും ഗുരുതരമല്ലാത്ത സിവില്‍ കേസില്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതുമായി നിരവധി തമാശകള്‍ ബില്ലിന്റെ ഭാഗമാണ്.
ഏകസിവില്‍ കോഡ് എന്ന 'വോട്ട് പിടുത്ത അജണ്ട' അത്യാവശ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള കുത്സിത ശ്രമം തിരിച്ചറിയാത്തിടത്തോളം കാലം മതേതര ഇന്ത്യയുടെ നാശഭീഷണി അവസാനിക്കില്ലെന്നുറപ്പാണ്. ലോക്‌സഭയില്‍ വോട്ടിനിട്ട് പാസായ ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തത് മതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസ്യമാണെങ്കിലും രാജ്യസഭയില്‍ അതിനെ എതിര്‍ക്കുന്നവര്‍ പോലും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല എന്നത് ആശാവഹമല്ല.
നോട്ട് നിരോധനത്തിനും എടുത്തു ചാടി ജിഎസ്ടി നടപ്പാക്കിയതിനും പിറകെ മറ്റൊരു തുഗ്ലക്ക് പരിഷ്‌ക്കാരത്തിനായി ഇറങ്ങിത്തിരിച്ച സര്‍ക്കാര്‍ അതിനായി ഉപയോഗപ്പെടുത്തിയ ജഡ്ജിമാരുടെ പരാമര്‍ശം നിയമപരമായി നിലനില്‍ക്കുന്നതല്ല. മുത്ത്വലാഖ് അസാധുവാണെന്ന വിധി നടത്തിയ അഞ്ചംഗ ബെഞ്ചില്‍, നിയമപരമായി നിലനില്‍ക്കുന്ന മൂന്ന് ജഡ്ജിമാരുടെ മുത്ത്വലാഖ് നിയമവിരുദ്ധമാണെന്ന വിധിക്കെതിരെ മറ്റു രണ്ടു ജഡ്ജിമാര്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്ല് കൊണ്ടു വന്നത്. മുസ്‌ലിം സമൂഹത്തെയും ഇസ്‌ലാമിനെയും താഴ്ത്തിക്കെട്ടാനുള്ള നിഗൂഢശ്രമം ഈ നീക്കത്തില്‍ ഒളിഞ്ഞിരിക്കുന്നതായി കാണാമെന്നര്‍ത്ഥം.
ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കടിമപ്പെട്ട് വിവാഹമോചനം കാത്തു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കാലതാമസമില്ലാതെ ബന്ധം വേര്‍പ്പെടുത്താനുള്ള സാഹചര്യം കൂടി മുത്ത്വലാഖ് നിരോധനത്തിലൂടെ ഇല്ലാതാകുന്നു എന്നത് നിയമത്തിലെ അപര്യാപ്തത തുറന്നു കാട്ടുന്നു. മുസ്‌ലിം സ്ത്രീകളുടെ 'സംരക്ഷകരാ'ണ് തങ്ങളെന്ന് ഊറ്റം കൊള്ളാനുള്ള ശ്രമമാണ് ഇത്തരം അനാവശ്യ ഭേദഗതികളുടെ മറ്റൊരു ലക്ഷ്യമെന്നത് സാമാന്യ യുക്തി കൊണ്ട് ഊഹിക്കാവുന്നതേയുള്ളൂ.
ഇസ്‌ലാം മതമനുസരിച്ച് ദൈവിക കല്‍പനകള്‍ക്കു വിധേയമായ ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ മുത്ത്വലാഖിനെതിരെ കോടതിയുടെ സമീപിക്കില്ലെന്നുറപ്പാണ്. പക്ഷേ, മൂന്നാമതൊരാള്‍ക്കു കൂടി ഇവ്വിഷയത്തില്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാവുന്ന പുതിയ നിയമഭേദഗതി ഒരുങ്ങുന്നത് എന്നതാണ് പ്രശ്‌നം. യഥാര്‍ത്ഥത്തില്‍ മുത്ത്വലാഖ് ബില്‍ കൊണ്ട് മുസ്‌ലിം സമൂഹത്തിന് ഒന്നും നഷ്ടപ്പെടാനില്ലെങ്കിലും ഇസ്‌ലാമിന്റെ യുക്തിഭദ്രമായ നിയമസംഹിതകളെ കളങ്കപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നത് എന്നത് ചെറുക്കപ്പെടേണ്ടതു തന്നെയാണ്.
മുത്ത്വലാഖ് കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് ഭാര്യക്കു ജീവനാംശം നല്‍കേണ്ടതും ആ ബന്ധം തുടര്‍ന്നു കൊണ്ടു പോകുന്നതോടു കൂടി തന്നെ സര്‍വ്വ ചെലവുകളും അയാള്‍ വഹിക്കേണ്ടതുമാണെന്ന പുതിയ ബില്ലിലെ അപ്രായോഗികതയാണ് രാജ്യസഭയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ്, സെലക്ട് കമ്മിറ്റിക്കു കരടു ബില്ല് കൈമാറി അതിന്‍ മേല്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടെടുത്തതും. എന്‍ഡിഎയില്‍ ബിജെപിയുമായി സഖ്യം കൂടിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇക്കൂട്ടത്തിലുണ്ടെന്നത് സര്‍ക്കാരിന്റെ മണ്ടത്തരത്തിലേക്കുള്ള വ്യക്തമായ സൂചനയാണ്.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

ശബരിമലയും മുത്ത്വലാഖും: മതവിരുദ്ധതയെ യുക്തിയാക്കുന്നതെന്തിന്?

കേരളജനത വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് ഇപ്പോള്‍ ശബരിമല സ്ത്രീ പ്രവേശന വിധിയും അനന്തര സംഭവങ്ങളും. സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങള്‍ പോലും വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുത്ത്വലാഖ് ഓര്‍ഡിനന്‍സിനെതിരെ മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ മാഞ്ഞു തുടങ്ങിയപ്പോഴേക്കും ആഘോഷിക്കാന്‍ മറ്റൊരു മതവിഷയം തന്നെ നല്‍കിയതിന് മാധ്യമങ്ങള്‍ കേരളജനതയോട് കൃതജ്ഞത പ്രകടിപ്പിക്കുന്നുണ്ടാകും. ഏതായാലും, മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മതം യുക്തിരഹിതമാണ് എന്ന നിലപാട് സ്വീകരിക്കാനാണ് ഇപ്പോള്‍ മതവിശ്വാസികളും അനുകൂലികളും താല്‍പ്പര്യപ്പെടുത്തുന്നത് എന്നതാണ് ആശ്ചര്യകരം. ശബരിമല കേസില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ഏക ജഡ്ജി ജസ്റ്റിസ് ഇന്ദു മഹോല്‍ത്ര സ്വീകരിച്ച നിലപാടും അതു തന്നെയായിരുന്നു. മതവിഷയങ്ങളില്‍ യുക്തിയെ അന്വേഷിക്കരുത് എന്നാണവര്‍ പറഞ്ഞത്. മതം യുക്തിക്കു നിരക്കാത്തതാണെന്നു തോന്നിപ്പോകും ഇത്തരം പല വാക്കുകളും കേട്ടാല്‍. മതവിശ്വാസം യുക്തിരാഹിത്യവും മതവിരുദ്ധത യുക്തിയുമാക്കി മാറ്റാനുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ നടന്നു കൊണ്ടിരിക്കുന്നു എന്നര്‍...