Skip to main content

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം


സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു.
വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാര്‍ത്ഥ്യത്തെ തള്ളിക്കളയുന്ന അല്‍പജ്ഞാനികളുടെ വിളനിലമായി നമ്മുടെ രാജ്യം മാറുന്നുണ്ടോ എന്നു സ്വാഭാവികമായും നാം സംശയിക്കേണ്ടിയിരിക്കുന്നു. ആസിഫയും ജുനൈദും ഗൗരി ലങ്കേഷും (പട്ടിക നീളുന്നു) നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ മധുരമല്ല, സ്വാതന്ത്ര്യ നിഷേധ പരമ്പരകളിലെ ഭരണകൂട സാന്നിദ്ധ്യത്തിന്റെ കയ്‌പേറിയ സ്മരണകളാണ്. ആസാമില്‍ പൗരത്വം നിഷേധിക്കപ്പെട്ട് കഴിയുന്ന ഇന്ത്യക്കാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്യാന്‍ പോലും ആളില്ലാത്ത അവസ്ഥ നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന ശക്തമായ ചോദ്യമാണ് ഉയര്‍ത്തുന്നത്.
സ്വതന്ത്രമായി കൈവീശാനുള്ള നമ്മുടെ സ്വാതന്ത്ര്യം അന്യന്റെ മൂക്കിന്‍ തുമ്പത്ത് അവസാനിക്കും എന്ന് സാധാരണ നാം പറയാറുണ്ട്. സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും പരിധിയും തിരിച്ചറിയാന്‍ സഹായകമാണ് ഈ വാക്യം. ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രം ഏകസ്വരതയുടെ ചൊല്‍പ്പിടിക്കു കീഴൊതുങ്ങുന്ന ദയനീയ കാഴ്ച്ച ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നു പോകുമ്പോഴും നമ്മുടെ കണ്ണുകളില്‍ നിന്നും മാഞ്ഞു പോകുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. ദലിതനും മുസ്‌ലിമുമടങ്ങുന്ന ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യക്ക് അപമാനകരമാണെന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ കഴിയില്ല. പശുവിന്റെ സ്വാതന്ത്ര്യവും പശുവിന്റെ രാഷ്ട്രീയവുമാണ് മാനുഷിക മൂല്ല്യങ്ങളേക്കാള്‍ ഇന്ത്യക്കു പ്രധാനമെന്ന് വിദേശ രാഷ്ട്ര നേതാക്കള്‍ പോലും പ്രസ്താവനയിറക്കിയത് ശിരസ്സു കുനിച്ച് കേട്ടവരാണ് ഭാരതീയര്‍. ഇത്തരം അവസരങ്ങളില്‍ പോലും ഇന്ത്യയുടെ ഭരണാധികാരികള്‍ പുലര്‍ത്തിയ നിസ്സംഗഭാവമാണ് സ്വതന്ത്ര ഇന്ത്യയെ ഭയപ്പെടുത്തുന്നത്. എഴുപതിലധികം വര്‍ഷങ്ങളായി ഇന്ത്യ സഞ്ചരിച്ചിരിക്കുന്ന ലക്ഷ്യങ്ങളില്‍ നിന്നും എത്രയോ അകലെയാണ് ഇപ്പോഴതിന്റെ സഞ്ചാരപഥം എന്ന സത്യം തുറന്നു പറയാതിരിക്കാന്‍ വയ്യ. എല്ലാവര്‍ക്കും തുല്ല്യാവകാശം എന്ന മഹത്തായ സങ്കല്‍പത്തെ നിഷ്‌കരുണം തള്ളിക്കളയാന്‍ മാത്രം സങ്കുചിതമനസ്‌കരായിപ്പോയോ ഭാരതീയ സമൂഹമെന്ന ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതാണ്.
ന്യൂനപക്ഷങ്ങള്‍ക്കും 'അധഃസ്ഥിത' വിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യം കിട്ടാക്കനിയാകുമ്പോള്‍ തന്നെ, മറ്റൊരു ഭാഗത്ത് വരേണ്യര്‍ക്കും 'സമുന്നതര്‍'ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നു. ഇതാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് അതിശയോക്തി കലര്‍ത്താതെ തന്നെ പറയാന്‍ സാധിക്കും. ആസിഫ എന്ന പാവപ്പെട്ട പെണ്‍കുട്ടിക്ക് മരണാനന്തരമെങ്കിലും നീതി ലഭിക്കുമെന്നു പ്രതീക്ഷിച്ചവര്‍ വിഡ്ഢികളാണെന്ന് പ്രഖ്യാപിക്കാന്‍ മാത്രം വളര്‍ന്നു പോയ ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ അഴിഞ്ഞാടിയപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി അതിനെ കണ്ടവര്‍ ഇരകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുക പോലുമുണ്ടായില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കേരളത്തില്‍, 'മീശ' എന്ന നോവലുമായി ബന്ധപ്പെട്ട് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു. നോവലിസ്റ്റ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ച കാര്യം സൗകര്യപൂര്‍വ്വം വിസ്മരിച്ചവര്‍ അദ്ദേഹത്തെ അനുകൂലച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചു. കേരളത്തിലെ പ്രമുഖ എഴുത്തുകാരും സാഹിത്യകാരന്മാരും അണിനിരന്നു, ഈ 'ആവിഷ്‌കാര സ്വാതന്ത്ര്യ സമര'ത്തില്‍. എന്നാല്‍, അതേ സമയം തന്നെ, നോവലിസ്റ്റ് നോവല്‍ രചനയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തിയതിനോട് പ്രതികരിക്കാന്‍, സമാനമായ രൂപത്തിലും ഭാവത്തിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ അതിനെ ദുരുപയോഗപ്പെടുത്തിയവര്‍ ആവിഷകാര സ്വാതന്ത്ര്യ നിഷേധകരായിത്തീര്‍ന്നതിലെ വിരോധാഭാസം അവഗണിക്കാന്‍ കഴിയില്ല.
ഗൗരി ലങ്കേഷടങ്ങുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധത്തിന്റെ ഇരകളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികള്‍ തന്നെയാണ്. ഭരണകൂടം ആവശ്യപ്പെടുന്നതെന്തോ അതു മാത്രം എഴുതുക എന്ന ഭീകരമായ സന്ദേശമാണ് സമീപകാല ഇന്ത്യന്‍ ചരിത്രം നമുക്ക് നല്‍കുന്നത്. പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഇന്ത്യക്കാരല്ലാത്ത ഇന്ത്യക്കാര്‍ ഈ സ്വാതന്ത്ര്യ ദിനത്തിന്റെ നടുക്കുന്ന കാഴ്ച്ചയാണ്. വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സ്വപ്‌നം കാണാന്‍ കഴിയാതെ അഴിയെണ്ണുന്നവരും മരണത്തിനു കീഴടങ്ങിയവരും ഭരണഘടന അനുശാസിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യം അതിവിദൂരത്താണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം അതിന്റെ അന്ത്യത്തിലേക്ക് കടക്കുമെന്ന് ബുദ്ധിജീവികള്‍ പറഞ്ഞത് സ്വാതന്ത്ര്യത്തിനു മേല്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഒരാളെങ്ങനെ മരിക്കണമെന്ന് മറ്റൊരാള്‍ക്ക് തീരുമാനിക്കാന്‍ കഴിയാത്ത ഇന്ത്യയ്ക്കായി നമുക്ക് സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാം, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ സ്മരണകള്‍ തികട്ടി വരുന്ന ഈ ദിവസങ്ങളിലെങ്കിലും.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...