Skip to main content

പ്രളയം: ചില വിചാരങ്ങള്‍


കേരള ജനത അതിഭീകരമായ ദുരന്തങ്ങള്‍ക്കു നടുവില്‍ വിലപിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയവും കൊടുങ്കാറ്റും ഉരുള്‍പൊട്ടലും സോയില്‍ പമ്പിങും അടങ്ങുന്ന ദുരന്തങ്ങളുടെ മഹാനിര ഒന്നു കഴിഞ്ഞാല്‍ അടുത്തത് എന്ന രൂപത്തില്‍ ജീവനുകള്‍ അപഹരിച്ചു കൊണ്ടിരിക്കുന്നു. വൃക്ഷങ്ങളും സസ്യലതാദികളും വീടുകളും കെട്ടിടങ്ങളും എല്ലാം പൊളിഞ്ഞും തകര്‍ന്നും വീണു കൊണ്ടിരിക്കുന്നു. ശവക്കല്ലറകളില്‍ നിന്നും മൃതശരീരങ്ങള്‍ പുറന്തള്ളപ്പെട്ട സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കാസര്‍കോടും കണ്ണൂരിന്റെ ചില ഭാഗങ്ങളും ഒഴിച്ച് മിക്ക സ്ഥലങ്ങളും ദുരന്തത്തിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ രുചിച്ചറിഞ്ഞു. ഇത്രത്തോളം ഭീകരമായ ഒരു സാഹചര്യം കേരളക്കാരായ നമ്മെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണെന്ന കാര്യം വിസ്മരിച്ചു കൂടാ.
                പ്രകൃതിയെ സംരക്ഷിക്കേണ്ട മനുഷ്യന്‍ തന്നെ പ്രകൃതിയെ കൊന്നു തിന്നുന്ന പ്രവണത വര്‍ദ്ധിച്ചു വന്നപ്പോള്‍, പ്രകൃതിക്കു സംരക്ഷണം ലഭിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും എന്ന വലിയ പാഠം കേരളീയ ജനതക്ക് നല്‍കാന്‍ ഒരു വലിയ പ്രളയം തന്നെ വേണ്ടി വന്നു. പാഠങ്ങളുള്‍ക്കൊള്ളാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന സൂചനയും ഈ ദുരന്തങ്ങളിലടങ്ങിയിട്ടുണ്ട്. നദികളും പുഴകളും മലിനമാക്കാനും മരങ്ങള്‍ വെട്ടിത്തീര്‍ക്കാനും മലകളും കുന്നുകളും ഇടിച്ചു നിരപ്പാക്കാനും മനുഷ്യന്‍ കാണിക്കുന്ന അത്യുത്സാഹം അപകടകരം തന്നെയാണെന്ന വസ്തുത അംഗീകരിക്കാത്തവരായി ആരുമുണ്ടാവില്ല. സ്വാര്‍ത്ഥരായ ഒരു വിഭാഗം ജനങ്ങള്‍ കയറൂരി വിട്ടതു പോലെ അനിയന്ത്രിതരായി പ്രകൃതിയെ പച്ചയായി ബലാത്സംഗം ചെയ്തപ്പോള്‍ വിലപിക്കാന്‍ മടിച്ചവര്‍ ഇപ്പോഴെങ്കിലും വിലപിക്കട്ടെ എന്ന് ഭൂമി വിചാരിച്ചിട്ടുണ്ടാവും. അതിനായി പ്രളയവും കൊടുങ്കാറ്റും ഉരുള്‍പൊട്ടലും കൊണ്ടുവരണമെന്ന് തീരുമാനിച്ചിട്ടുണ്ടാകും. ശാസ്ത്രത്തിന്റെ മുമ്പുള്ളതിലും പതിന്മടങ്ങ് വേഗതയിലുള്ള വളര്‍ച്ച കണ്ടു കൊണ്ട് അഹങ്കരിക്കരുതെന്നും പ്രകൃതി സഹകരിക്കാതെ മനുഷ്യജീവിതം മുന്നോട്ട് നീങ്ങില്ലെന്നുമുള്ള സന്ദേശം ഈ ദുരന്തത്തില്‍ നിന്നും കരകയറുന്നതോടു കൂടിയെങ്കിലും മനുഷ്യ സമൂഹത്തിന് നല്‍കാനായിരിക്കും ഇങ്ങനെയൊരു ദുരന്തം നടക്കുന്നത്. 'പുഴയെ പീഡിപ്പിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല, അവള്‍ക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്' എന്ന് ഫെയസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്തത് കണ്ടു. ശരിക്കും ഒരു മനുഷ്യന്റെ ആത്മഗതമാണിതെന്ന് തോന്നിപ്പോയി. മനുഷ്യസമൂഹത്തിന്റെ ക്രൂര ചെയ്തികളും അതിനവര്‍ക്ക്ു കിട്ടിയ ശിക്ഷയും മുഴച്ചു നില്‍ക്കുന്നുണ്ട് ആ വാക്കുകളില്‍.
                ഒരുപക്ഷേ, മതേതരത്വത്തിന്റെയും മതമൗലികവാദത്തിന്റെയും സഹിഷ്ണുതയുടെയും അസഹിഷ്ണുതയുടെയും സമത്വത്തിന്റെയും വര്‍ഗ്ഗീയതയുടെയും പേരില്‍ കേരളക്കാരന്‍ നടത്തിയ വഴിവിട്ട മുതലെടുപ്പുകള്‍ കണ്ട പ്രകൃതി തീരുമാനിച്ചിരിക്കും, എങ്ങനെയാണ് മതസൗഹാര്‍ദ്ധവും മതേതരത്വവും സഹിഷ്ണുതയും സഹകരണവുമെല്ലാം പ്രായോഗികമായി നടപ്പിലാക്കുകയെന്ന് ഇവരെ പഠിപ്പിക്കണമെന്ന്. മക്കളേ, എല്ലാവരും ഒരേ മനസ്സോടെ, സഹകരണത്തോടെ സൗഹാര്‍ദ്ധത്തോടെ മുന്നോട്ട് നീങ്ങുന്നത് നിങ്ങള്‍ക്കു കാണിച്ചു തരാമെന്ന് ഭൂമി നമ്മളോട് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടാകും. ആത്മീയത നഷ്ടപ്പെട്ട സമൂഹം വകതിരിവില്ലാതെ വിവേകത്തിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിച്ച് അരാജകത്വത്തിന്റെ 'വിശാല' ലോകത്തേക്ക് കാലൂന്നിയത് മണ്ണിനും വിണ്ണിനും രസിച്ചിട്ടുണ്ടാവില്ല. അധികാരത്തിനായി മതത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേരളത്തിലും വിശാലാര്‍ത്ഥത്തില്‍ നടന്നു തുടങ്ങിയതോടെ ഭൂമി മനുഷ്യനെ ശപിച്ചു തുടങ്ങിയിട്ടുണ്ടാകും. വര്‍ഗ്ഗീയ പരാമര്‍ശങ്ങളും പോരാട്ടങ്ങളും ബോധപൂര്‍വ്വം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ചൂഷകര്‍ക്കു നേരെ കോപം നിറഞ്ഞ നോട്ടം നോക്കിയിട്ടുണ്ടാകും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെങ്കിലും സഹിഷ്ണുത തളരാതെ നില്‍ക്കുന്നുണ്ടല്ലോ എന്ന ആശ്വാസം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടപ്പോള്‍, ഭൂമാതാവ് ചില കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതയായി. മക്കളെ മര്യാദ പഠിപ്പിക്കാന്‍ ഒരമ്മ സ്വീകരിക്കുന്ന ശിക്ഷണ മുറകളായിരുന്നു വെള്ളപ്പൊക്കങ്ങള്‍ എന്നു തിരിച്ചറിയാത്തിടത്താണ് കേരള ജനതയുടെ പരാജയം സമ്പൂര്‍ണ്ണമാവുന്നത്.
                കടുത്ത പ്രതികൂലാവസ്ഥകളിലും കനത്ത മഴയിലും നീരൊഴുക്കിലും ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം ചെയ്യുന്ന ആത്മാര്‍ത്ഥരായ ഒരു കൂട്ടം സ്‌നേഹസമ്പന്നരെ അഭിനന്ദിക്കുകയും അവരുടെ നിസ്വാര്‍ത്ഥതതയെയും ത്യാഗസന്നദ്ധതയെയും പ്രശംസിക്കുകയും ചെയ്യേണ്ടത് കേരളീയ സമൂഹത്തിന്റെ കടമയാണ്. എന്നാല്‍, അതോടൊപ്പം തന്നെ, സ്വാര്‍ത്ഥതയ്ക്കും അസഹിഷ്ണുതയ്ക്കും പ്രതിഫലമെന്നോണം ലഭിച്ച ദുരന്താനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത സ്വാര്‍ത്ഥമതികള്‍ ഇപ്പോഴും കേരളത്തിലുണ്ടെന്നത് ഖേദകരമാണ്. വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന മരങ്ങളും മറ്റും വെട്ടി മാറ്റാനും തടസ്സങ്ങള്‍ നീക്കാനുമുള്ള ശ്രമത്തില്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കേണ്ടവര്‍ തന്നെ എന്റെ പറമ്പില്‍ നിന്നും ഒരു കഷ്ണം ഇല പോലും പറിക്കരുത് എന്നു പറഞ്ഞ്, എത്രയോ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പോലും സ്വാര്‍ത്ഥത വെടിയാന്‍ തയ്യാറായില്ല എന്നറിയുമ്പോള്‍ ഹൃദയത്തില്‍ മനുഷ്യത്വത്തിന്റെ കണികയെങ്കിലുമുള്ള ആരും ചോദിച്ചു പോകും, എങ്ങനെയാണിവിടെ പ്രളയമുണ്ടാകാതിരിക്കുകയെന്ന്. മരിക്കുന്നതു വരെ ഞാന്‍ ഒരിക്കലും മരിക്കില്ല എന്നു ചിന്തിക്കുന്നതു പോലെത്തന്നെ, സ്വന്തം വീട്ടില്‍ പ്രളയം വരുന്നതു വരെ അധികമാളുകളും പ്രളയത്തെക്കുറിച്ച് ബോധവാന്മാരാകുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെയാണ് വീട്ടില്‍ വെള്ളം കയറിത്തുടങ്ങിയപ്പോള്‍ പോലും വീടു വിട്ടിറങ്ങാന്‍ സമ്മതിക്കാതെ രണ്ടാം നിലയിലേക്കു താമസം മാറ്റാന്‍ പലരും ശ്രമിച്ചത്.
                കൂടാതെ, കനത്ത മഴയിലും പ്രളയത്തിലും കഷ്ടപ്പാട് സഹിക്കുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലും ചിലര്‍ അതിനോട് രാഷ്ട്രീയവും മതവും കലര്‍ത്താന്‍ ശ്രമിച്ചു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ഭൂമാതാവ് കരഞ്ഞു പോയിട്ടുണ്ടാകും. ഉത്തരവാദപ്പെട്ടവരില്‍ ചിലര്‍ തങ്ങളുടെ ഉത്തരവാദ നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചോദ്യം ചെയ്തതിനെക്കുറിച്ചല്ല പറയുന്നത്. ചില രാഷ്ട്രീയ നേതാക്കളെപ്പറ്റിയും മതനേതാക്കളെപ്പറ്റിയും ഫേക്ക് ന്യൂസുകള്‍ വെച്ചു പിടിപ്പിക്കുകയും ചില ഫോട്ടോകളെക്കുറിച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് നിര്‍ഭാഗ്യകരമാണ് എന്നു മാത്രമേ ഉദ്ധേശിച്ചുള്ളൂ. അതിനിടയില്‍, വയനാട്ടിലെ ചില ഭാഗങ്ങളില്‍ ശക്തമായ ഉരുള്‍പൊട്ടല്‍ നടന്നതിനു ശേഷം രക്ഷാപ്രവര്‍ത്തനം തകൃതിയായി നടക്കുന്ന സമയത്ത് ടൂറിസ്റ്റുകളായി ചിലര്‍ അവിടങ്ങളിലേക്കെത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പറഞ്ഞു വന്നത്, നമ്മുടെ സമൂഹത്തില്‍ ഇത്രയും വികലമായി ചിന്തിക്കുന്ന എത്രയോ ആളുകളുണ്ട് എന്നാണ്.
                രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. മാധ്യമങ്ങളിലുള്ള വാര്‍ത്തകളും പൊതുജനങ്ങള്‍ക്ക് പ്രളയത്തെക്കുറിച്ച് ബോധവാന്മാരാകാന്‍ ഏറെ സഹായകമായിട്ടുണ്ട്. എന്നാല്‍, പ്രളയം അവസാനിച്ചാല്‍ സര്‍ക്കുലേഷന്‍ കുറയുമോ എന്ന ആശങ്ക പ്രളയത്തെ ഊതി വീര്‍പ്പിച്ച് അവതരിപ്പിക്കാന്‍ ചില മാധ്യമങ്ങളെ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളെ, നിര്‍ബന്ധിതരാക്കിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്രളയത്തിന്റെ ആധിപത്യം കുറഞ്ഞു വരുന്ന നേരത്തും ഇനിയും മഴയ്ക്കു സാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച് പറയാന്‍ ചില മാധ്യമങ്ങള്‍ ഉത്സാഹിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി തങ്ങളുടെ വ്യൂസ് കൂട്ടുക എന്ന ലക്ഷ്യത്തോടെയാണെന്ന് പറയുമ്പോള്‍ ലജ്ജിച്ചു തലതാഴ്ത്താതിരിക്കാന്‍ വയ്യ. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നടക്കുന്ന വ്യാജ പ്രചരണങ്ങളെ ചെറുക്കുക എന്നത് വലിയ വെല്ലുവിളിയായി മാറിയത് നമ്മുടെ വിവേക ശൂന്യതയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. പ്രളയത്തില്‍ നിന്നും രക്ഷപ്പെടുമ്പോഴേക്കെങ്കിലും നന്മ നിറഞ്ഞൊരു പൊതുബോധം കേരളക്കരയില്‍ വളര്‍ന്നു വരട്ടെ എന്നു നമുക്കാശംസിക്കാം.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...