Skip to main content

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും.
വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള്‍ക്ക് ജനം ആശ്രയിക്കുന്നത് മാധ്യമങ്ങളെ തന്നെയാണെന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്.
മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ. അഹ്മദിന്റെ മരണവാര്‍ത്തയും തുടര്‍ന്ന് നടന്ന സംഭവങ്ങളും പാര്‍ട്ടി-സംഘടനാ വ്യത്യാസമില്ലാതെ മാധ്യമങ്ങളൊന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുതിര്‍ന്ന പാര്‍ലമെന്റംഗത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അനാദരവും നീതിനിഷേധവും പുറത്ത് കൊണ്ട് വന്ന്, അദ്ധേഹത്തിന്റെ മരണവിവരം മറച്ചു വെക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ച ധൈര്യവും സ്ഥൈര്യവും അവഗണിക്കാന്‍ കഴിയില്ല. ഗുണ്ടകളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും 'കൈക്കരുത്ത്' തടുക്കാന്‍ ദേശീയ നേതാക്കള്‍ക്ക് സാധിച്ചത് മാധ്യമങ്ങള്‍ നല്‍കിയ കരുത്തുമായി ആഞ്ഞടിച്ചായിരുന്നുവെന്നതും പ്രസ്താവ്യമാണ്. ലോ അക്കാദമി സമരം വിജയിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ നേരിട്ട പ്രയാസങ്ങളും ദുരിതങ്ങളും അവര്‍ നടത്തിയ പ്രതിഷേധങ്ങളും വന്‍ പ്രാമുഖ്യം നല്‍കി റിപ്പോര്‍ട്ട് ചെയ്ത്, സര്‍ക്കാരിനെയും മാനേജ്‌മെന്റിനെയും പ്രതിരോധത്തിലാഴ്ത്താനും അവരെ തുടര്‍ നടപടികള്‍ക്ക് നിര്‍ബന്ധിക്കാനും മാധ്യമങ്ങള്‍ കാണിച്ച ജാഗ്രത വിസ്മരിക്കാനാവില്ല. സാമൂഹ്യ പുരോഗമനത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുകയും സാമൂഹിക തലത്തില്‍ അഭിവൃദ്ധി നേടാനുള്ള കാരണമാവുകയും ചെയ്തിട്ടുണ്ട്.
വിവിധ വിഷയങ്ങളിലെ ജനങ്ങളുടെ നിലപാടുകളും ചിന്തകളും മാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും അനുസരിച്ചായിരിക്കും. സത്യസന്ധമല്ലാത്ത വിവരങ്ങള്‍ ജനങ്ങളിലേക്കെത്തുമ്പോള്‍, സത്യത്തിനു നേരെ പൊതുവികാരം ഉണര്‍ത്താന്‍ വരെ അതു കാരണമാകും എന്നതില്‍ സംശയമില്ല. ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത് മാറുന്നതോട് കൂടി, മാധ്യമങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുക കൂടി ചെയ്യുകയാണെങ്കില്‍ അത് മാധ്യമ വിഭാഗത്തിനാകമാനം സംഭവിക്കുന്ന പേരുദോഷമായിരിക്കും. ഏതെങ്കിലും പാര്‍ട്ടിയെയോ സംഘടനയെയോ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങള്‍ എതിര്‍പക്ഷത്തുള്ളവരെ അന്ധമായി എതിര്‍ത്തും വാര്‍ത്തകള്‍ തങ്ങള്‍ക്കനുകൂലമാക്കിയും എതിരാളികളെ നിശിത വിമര്‍ശനങ്ങള്‍ക്ക് വിധേയരാക്കിയും മാധ്യമ ധര്‍മം മറന്നു പോകുന്ന പ്രവണത സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പോലും മാധ്യമങ്ങളെ ഈ വിധം ദുരുപയോഗം ചെയ്യുന്നു എന്നത് ഖേദകരമാണ്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും രാഷ്ട്രീയം സങ്കീര്‍ണമാകുന്ന അവസരങ്ങളിലും മാധ്യമങ്ങളിലൂടെ ജനസ്വാധീനം നേടിയെടുക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല.
വിവാദങ്ങള്‍ നിര്‍മ്മിക്കാനാണ് പത്രങ്ങളടക്കമുള്ള മിക്ക മാധ്യമങ്ങളും ഇന്ന് പ്രത്യേക താല്‍പര്യം കാണിക്കുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതി സൃഷ്ടിച്ച് വിവാദങ്ങള്‍ ആളിക്കത്തിക്കാന്‍ കക്ഷി ചേര്‍ന്നുള്ള 'അക്രമണ'ങ്ങളും ഏറെയുണ്ട്. ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങള്‍ ഹൈലൈറ്റ് ചെയ്ത് 'അധികാര വടംവലികള്‍' 'സൃഷ്ടിക്കാനും' മാധ്യമങ്ങള്‍ മടി കാണിക്കുന്നില്ല. സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തുന്നവര്‍ക്ക് വേണ്ടി വാദിക്കുന്ന, അത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്തകള്‍ അപൂര്‍വ്വമായി മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കാനുള്ള മാനദണ്ഡമായി മിക്ക മാധ്യമങ്ങളും കാണുന്നത് വിവാദങ്ങള്‍ സൃഷ്ടിച്ച് 'എസ്‌ക്ലൂസീവ്' എന്ന ലേബലില്‍ അവതരിപ്പിക്കലാണ്. ഇങ്ങനെ, ഏതെങ്കിലും മാധ്യമം പടച്ച് വിടുന്ന വാര്‍ത്തകള്‍ കൂടുതല്‍ പ്രാധാന്യത്തോടെയും വിശദാംശങ്ങളോടെയും റിപ്പോര്‍ട്ട് ചെയ്യാനുള്ള വ്യഗ്രതയില്‍ ധര്‍മം മറന്നു പോകുന്ന മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ നിര്‍മ്മിച്ച് വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.
യഥാര്‍ത്ഥത്തില്‍, തങ്ങളില്‍ വിശ്വസിച്ചിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരുണ്ടെന്ന 'ബോധ'ത്തെ 'ബോധപൂര്‍വ്വം' നശിപ്പിച്ച് അവരെ കബളിപ്പിക്കുകയല്ലേ മാധ്യമങ്ങള്‍ ചെയ്യുന്നത്? മാധ്യമങ്ങള്‍ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതും അഭിനന്ദനാര്‍ഹവുമല്ല എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ, സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത,് പ്രാധാന്യമില്ലാത്ത വാര്‍ത്തകള്‍ ദിവസങ്ങളോളം കൊട്ടിഘോഷിച്ചും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടവ പാടെ അവഗണിച്ചും മാധ്യമങ്ങള്‍ മുന്നേറുമ്പോള്‍, മാത്സര്യബുദ്ധി വിവേകത്തിന് വഴിമാറിക്കൊടുക്കുന്നു എന്നതാണ് ഏറ്റവും വിഷമകരം. ഭാരതത്തിന്റെ ജനാധിപത്യത്തിനും അഖണ്ഡതക്കും മതേതരത്വത്തിനുമെതിരെ ശബ്ദിക്കുന്നവരുടെ വില കുറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് പ്രചാരം നല്‍കി ഇത്തരക്കാര്‍ക്ക് വേണ്ടി പത്രങ്ങളുടെ മുഴുപേജ് തന്നെ ഒഴിവാക്കി കൊടുക്കുന്ന അനവധി സംഭവങ്ങള്‍ കാണാം.
ഒരു പ്രസിദ്ധിയുമില്ലാത്തവര്‍ വിവാദങ്ങളിലൂടെ പ്രശസ്തരായി മാറിയത് മാധ്യമങ്ങളുടെ അശ്രദ്ധ മൂലമാണ്. തീവ്രവാദത്തെയും ദലിത്-മുസ്‌ലിം വിരുദ്ധ പ്രസ്താവനകളെയും ഹൈലൈറ്റ് ചെയ്യുമ്പോള്‍, ഇത്തരം പ്രഭാഷണങ്ങളിലൂടെ മാധ്യമ ശ്രദ്ധ നേടി അതിലൂടെ പ്രശസ്തരാകാന്‍ ശ്രമിക്കുന്നവരും, അതില്‍ നിന്നും പ്രോത്സാഹനം നേടി കൂടുതല്‍ 'അക്രമോത്സുകരാ'കുന്നവരും വര്‍ദ്ധിച്ച് വരികയേയുള്ളൂ. മാധ്യമങ്ങള്‍ പരാജയപ്പെടുന്നിടത്തേക്ക് കാര്യങ്ങളെത്താനുള്ള കാരണമിതാണ്. അത്തരക്കാരെ അവഗണിച്ചിരുന്നെങ്കില്‍, അവര്‍ വീണ്ടും ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മുതിരുമായിരുന്നില്ല. എം.ടി വാസുദേവന്‍ നായരുടെ ഏഴയലത്ത് പോലും എത്താത്ത ചില രാഷ്ട്രീയക്കാര്‍ അദ്ധേഹത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് വിമര്‍ശിച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനിത്രത്തോളം പ്രാധാന്യം നല്‍കി അത്തരം മൂല്ല്യം കുറഞ്ഞ വാദങ്ങളുന്നയിക്കുന്നവരെ പ്രസിദ്ധരാക്കേണ്ടതില്ലായിരുന്നു. എന്തു പറഞ്ഞാലും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്ന അരക്ഷിതാവസ്ഥ ഉടലെടുത്തതും സമൂഹ മാധ്യമങ്ങളിലേതിനു സമാനമായ റിപ്പോര്‍ട്ടിങ് രീതികള്‍ മാധ്യമങ്ങള്‍ തുടര്‍ന്നതും വിശ്വാസ്യത ഗണ്യമായി കുറയാന്‍ ഹേതുവായിട്ടുണ്ട്.
വാഗ്ദ്ധാനങ്ങള്‍ക്കും ഭീഷണികള്‍ക്കും കീഴടങ്ങാത്ത മാധ്യമപ്രവര്‍ത്തനം നടന്നാല്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന വിശേഷണത്തോട് മാധ്യമങ്ങള്‍ നീതി പുലര്‍ത്തുന്നു എന്ന് പറയാനൊക്കൂ. പീഡിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ജനാധിപത്യത്തിന്റെ ശക്തി എന്ന തിരിച്ചറിവ് വൈകിയെങ്കിലും ഉദിക്കുന്നത് നന്നായിരിക്കും. ഫാഷിസ്റ്റുകളുടെ കുടില തന്ത്രങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരെ പ്രതികരിക്കുമ്പോള്‍ പോലും മാധ്യമ ധര്‍മം അപ്രത്യക്ഷമാകുന്ന സാഹചര്യമുണ്ടാകുന്നത് ഇന്ത്യയുടെ ഭാവിക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുകയേയുള്ളൂ.

Comments

Popular posts from this blog

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...