Skip to main content

നോക്കുകുത്തിയാവുന്ന ഇന്ത്യന്‍ ഭരണഘടന

   നാശഭീഷണിനേരിടുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പരിതാപകരാവസ്ഥയ്ക്കാണ് ഇന്ത്യ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. പൗരന്മാര്‍ക്ക് ജീവിക്കാനും പ്രതിഷേധിക്കാനും വിയോജിപ്പുകള്‍ രേഖപ്പെടുത്താനും മൗലികാവകാശങ്ങള്‍ നേടാനുമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിലൂടെ ഭരണഘടനാധ്വംസനമാണ് നടക്കുന്നത്. ഭരണഘടനാ വിരുദ്ധതയ്ക്ക് ഭരണഘടന തന്നെ സാക്ഷ്യംവഹിക്കുന്ന അത്യപൂര്‍വ്വമായിരുന്ന അവസ്ഥ. ഇന്നത് സര്‍വ്വ മേഖലകളും സര്‍വ്വസാധാരണമായിരിക്കുന്നു.
   ഭരണഘടനാ വിരുദ്ധതയും ഭരണകൂട വിരുദ്ധതയും തിരിച്ചറിയാത്തവരാണ് ഭരണഘടനയെ നോക്കുകുത്തികളാക്കുന്നത്. ഭരണകൂട വിരുദ്ധത പ്രകടിപ്പിക്കാന്‍ ഭരണഘടന ഓരോ പൗരനും അനുവാദം നല്‍കുന്നുണ്ട് എന്നത് മാത്രമാണ് ഇവ രണ്ടും തമ്മിലുള്ള ഏക ബന്ധം. ഭരണഘടനാവിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണം പ്രതിപക്ഷം എന്ന, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ സംവിധാനത്തിന്റെ പോരായ്മകളും പരിഹരിക്കാവുന്ന പ്രത്യേക സംവിധാനമാണ്. ന്യൂനപക്ഷത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ സമകാലിക ഇന്ത്യന്‍ നേതൃത്വത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളില്‍ ഒന്നായിമാറുന്നതും ആശങ്കാജനകമാണ്. എല്ലാ വിധ അവകാശങ്ങളും, അടിച്ചമര്‍ത്തപ്പെടുന്ന സമൂഹങ്ങള്‍ക്ക് തടഞ്ഞുവെക്കാനുള്ള ശ്രമങ്ങള്‍ പരസ്യമായി തന്നെ നടക്കുന്നതും മറക്കാനാവത്തതാണ്. വിദ്യാര്‍ത്ഥികള്‍ ജെ.എന്‍.യു വില്‍ നടത്തിയ പ്രസംഗങ്ങളും പ്രകടനങ്ങളും ദേശീയതാവിരുദ്ധവും രാജ്യദ്രോഹവുമാണെന്ന് പ്രഖ്യാപിച്ച് ദേശീയതയെ ഭരണഘടനാ വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു ഇവിടുത്തെ ‘മേലാളന്മാര്‍’.
   കനയ്യ കുമാര്‍ എന്ന വിദ്യാര്‍ത്ഥിനേതാവ് നടത്തിയ പ്രസംഗങ്ങള്‍ മോദി ഭരണത്തിന്റെ അപാകതകളെ കുറിച്ച് വാചാലമായത് ദേശീയതയെ നശിപ്പിക്കാനാണെന്നും ഉമര്‍ ഖാലിദ് പാക്കിസ്ഥാന്‍ ചാരനാണെന്നുമുള്ള അനര്‍ത്ഥമായ ആരോപണങ്ങള്‍ മതങ്ങളും വംശങ്ങളും പുലര്‍ത്തിവന്ന അഖണ്ഡതയെയാണ് ഹിംസിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും നല്‍കിയ പ്രതിഷേധിക്കാനും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഭരണഘടന ഇവിടെ നിലനില്‍ക്കെതന്നെ ദേശീയത എന്ന വാക്കിന് അതിന്റെ അര്‍ത്ഥത്തോട് യാതൊരുവിധത്തിലും നീതിപുലര്‍ത്താത്ത ആശയങ്ങളെ നിര്‍വചനങ്ങളന്ന പേരില്‍ നല്‍കി, അടിച്ചമര്‍ത്തുകയായിരുന്നു ഭരണകൂടം. ഭരണഘടനാസംരക്ഷകരാകേണ്ട ജഡ്ജിമാരും വക്കീലുമാരും അടക്കമുള്ള ജുഡീഷ്യറി സംവിധാനം പോലും ഇതിന്ന് കൂട്ടുനിന്നതാണ് കോടതിവളപ്പില്‍ വിദ്യാര്‍ത്ഥകളുടെ നേരെ നടന്ന അക്രമങ്ങളിലൂടെ വ്യക്തമാകുന്നത്.
   2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നത് മുതല്‍ പരസ്യമായ തീവ്രഹിന്ദുത്വവാദത്തിന്റെ പ്രചാരകനാവുകയും മുസ്‌ലിംകളടക്കമുള്ള മറ്റു മതസ്ഥരുടെ ജീവിത സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ നിതാന്ത ശ്രമങ്ങള്‍ നടത്തുകയും ചെയ്ത് ഇതുവരെ ആ പാതയില്‍ തന്നെ തുടര്‍ന്ന നരേന്ദ്ര മോദി കേന്ദ്ര ഗവണ്‍മെന്റിന്റെ ‘നായകാനാ’യതോടെ മതേതരത്വം എന്ന ഭരണഘടനാവകാശം മരണത്തെ സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. ഇന്ന് ഒരുപാട് ചര്‍ച്ചകള്‍ക്ക് വിധേയമായികൊണ്ടിരിക്കുമ്പോഴും സംഘ്പരിവാര്‍ മാധ്യമങ്ങള്‍ മൂടിവെക്കാന്‍ കിണഞ്ഞ് ശ്രമിച്ച ഒരുപാട് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുകൂടി ആരെയും ഭയക്കാതെ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയെ സ്വേച്ഛാധിപത്യത്തിന്റെ ജയില്‍മുറിയിലേക്ക് ആനയിക്കാനുള്ള കുത്സിതശ്രമങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഏറ്റെടുത്ത ‘ദൗത്യം’. കേന്ദ്രസര്‍ക്കാറിനെതിരെ രാഷ്ട്രപതിക്കു തന്നെ ശബ്ദമുയര്‍ത്തേണ്ടി വന്നതും നിരവധി ഫയലുകള്‍ പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കേണ്ടി വന്നതും ഈ ചുരുങ്ങിയ കാലയളവില്‍ തന്നെയാണ് സംഭവിച്ചത് എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
   മുസ്‌ലിം-ദലിത് അടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നതിന്റെ ഭാഗമായി ഏകസിവില്‍കോഡ് പാസാക്കാനുള്ള കഠിനമായ യത്‌നത്തിലാണ് ഈ ഭരണഘടനാവിരുദ്ധര്‍. രോഹിത് വെമുലയുടെ ആത്മഹത്യയും ദലിത് വിദ്യാര്‍ത്ഥികളെയും കുഞ്ഞുമക്കളെയും ചുട്ടുകൊന്നതടക്കമുള്ള സംഭവങ്ങളും ഭരണഘടനയുടെ മരണമണിയാണ് മുഴക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥകളുടെ സ്വതന്ത്രമായ ഇടപെടലുകള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് തിരച്ചടിയാവുമെങ്കില്‍ അവരും ഇവിടെ നിന്ന് മാനസികമായും ശാരീരികമായും ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന ഫാസിസ്റ്റ് ചിന്താഗതി പടര്‍ന്ന് പിടിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ജഡ്ജിമാരെ തങ്ങളുടെ വരുതിയിലാക്കി കഴിഞ്ഞതിന് ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതയും പരമാധികാരത്തന്റെ ചിഹ്നങ്ങളുമായ ജനാധിപത്യവും മതേതരത്വവും നഷ്ടപ്പെടുത്തുന്നതിലൂടെ ഭരണഘടനയാണ് ഊര്‍ദ്ധ്വശ്വാസം വലിക്കുന്നത്.
   സ്വേച്ഛാധിപത്യവും തീവ്രഹിന്ദുത്വവാദവും സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ കൂടി എല്ലാവിധ അധികാര ദുരുപയോഗങ്ങളും നടത്തി ഇനി ഒരു ലോക്‌സഭാ തിരെഞ്ഞെടുപ്പ് പോലും നടക്കാനാവാത്ത വിധം ഇന്ത്യയുടെ മനസ്സാക്ഷിയെ കൊല ചെയ്യാനാണ് ഇവിടുത്തെ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍. എങ്കിലും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ നാം ശ്രമിക്കണമെന്നതാണ് ഏറ്റവും പ്രധാനം.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

ഭേദഗതികളും വെളിപ്പെടുത്തലുകളും മോദിയുടെ കുറ്റസമ്മതം

സർക്കാർ നടത്തിയ നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി ഏകീകൃത നികുതി സംവിധാനത്തിൻറെയും 'ഗുണ ഗണങ്ങള്‍' വിശദീകരിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. താത്ക്കാലിക തിരിച്ചടികള്‍ മാത്രമാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും വൈകാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖല പുരോഗതിയിലേക്കു തിരിച്ചു കയറുമെന്നുമുള്ള ആശ്വാസ വാചകങ്ങള്‍ അദ്ധേഹം ഉരുവിട്ടു. ബിജെപിയിലെ മുന്‍ ധനമന്ത്രി അടക്കമുള്ള നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരുമുള്‍പ്പെടെ നിരവധിയാളുകള്‍ സാമ്പത്തിക രംഗത്തെ പുതിയ 'നടപടികളെ' വിമര്‍ശിച്ച് രംഗത്തെത്തിയതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രിക്ക് മറ്റൊന്നും പറയാനില്ലല്ലോ. എന്നാല്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ ഒരു കുറ്റസമ്മതമായിരുന്നു, തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന പരസ്യമായ കുറ്റസമ്മതം. ജിഎസ്ടിയും നോട്ട് നിരോധനവും കൃത്യമായ ധാരണകളോടെ ആസൂത്രിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആ വാക്കുകളുടെ ധ്വനിയെന്ന് മനസ്സിലാക്കാന്‍ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല.    വിമര്‍ശനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു എന്നും ഇനിയും നിഷ്‌ക്രിയരായി തുടരാന്‍ കഴിയില്ല ...