Skip to main content

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി, നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ, ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വിഭിന്നമായി, ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദേഹത്തിനെതിരെ പരാതികളുന്നയിച്ചു എന്നതിനുമപ്പുറം അവര്‍ സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെ പരസ്യമായി വിമര്‍ശിക്കുകയും കടുത്ത ആരോപണങ്ങളുമായി പത്രസമ്മേളനം നടത്തുകയും ചെയ്ത സംഭവം സുപ്രീം കോടതിയുടെ വിശ്വാസ്യതയില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങളൊരുക്കി. അതിനു പുറമെ, അദ്ദേഹം കൂടി ഉള്‍പ്പെട്ട മെഡിക്കല്‍ കോഴക്കേസില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കാരണമായി ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയും കേന്ദ്ര സര്‍ക്കാരിനും ഹിന്ദുത്വവാദത്തിനും അനുകൂലമായി വിധികള്‍ പുറപ്പെടുവിച്ചുവെന്ന ആരോപണം നേരിടുകയും ചെയ്തത് സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിത്തന്നെ കിടക്കുമെന്നു സംശയലേശമന്യെ പറയാം. പക്ഷേ, ഇന്ത്യന്‍ ജുഡീഷ്യറിയെ പിടിച്ചു കുലുക്കിയ ഈ സംഭവപരമ്പരകള്‍ക്കു ശേഷം ദീപക് മിശ്ര വിരമിക്കുന്നതു വരെ നടന്ന സുപ്രീം കോടതി വിധികളും അദ്ദേഹത്തിന്റെ ഇടപെടലുകളും അദ്ദേഹത്തിന് മാന്യമായി വിരമിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്നതാണ് പിന്നീട് നാം കണ്ടത്.
                യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? ദീപക് മിശ്ര ബിജെപി അനുകൂല നടപടികള്‍ സ്വീകരിക്കുന്നതു തടയാന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നോ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം? ശരിക്കും അദ്ദേഹം ബിജെപിക്ക് അനുകൂലമായി വിധികള്‍ പുറപ്പെടുവിച്ചിരുന്നോ? തന്റെ അവസാന മാസങ്ങളില്‍ അദ്ദേഹം നടത്തിയ 'ചരിത്രപരമായ' വിധികള്‍ തന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ? അഥവാ, ഈ വിധികളിലൂടെ തന്റെ വിമര്‍ശകര്‍ സങ്കുചിത മനസ്‌ക്കരായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നോ അദ്ദേഹം? പ്രസക്തമായ ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പദവിയില്‍ നിന്നും വിരമിച്ചത്.
                ഇന്ത്യന്‍ ജനത ഉറ്റു നോക്കിയിരുന്ന, പലനിലക്കും സുപ്രധാനമായിരുന്ന ധാരാളം വിധികള്‍ പുറപ്പെടുവിച്ച ന്യായാധിപനായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല. 1993ല്‍ അദ്ദേഹം മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയും തദ്ഫലമായി വധഭീഷണികള്‍ നേരിടുകയും ചെയ്തിട്ടുണ്ട്. നിഷ്‌ക്രിയ ദയാവധം അനുവദിച്ചു കൊണ്ടുള്ള വിധിയും അദ്ദേഹമടങ്ങിയ ബെഞ്ചിന്റേതായിരുന്നു. മുത്ത്വലാഖ് നിരോധിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വിധി മാധ്യമങ്ങള്‍ ആഴ്ച്ചകളോളം ലീഡിങ് വാര്‍ത്തയാക്കി ചര്‍ച്ച ചെയ്തിരുന്നു. തന്റെ അവസാന കാലങ്ങളില്‍, സ്വവര്‍ഗ്ഗരതി അനുവദിച്ചു കൊണ്ടും വിവാഹേതരബന്ധം കുറ്റമല്ലാതാക്കിക്കൊണ്ടും സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കിക്കൊണ്ടും പുറത്തിറക്കിയ ഉത്തരവുകളായിരുന്നു അവയില്‍ അവസാനത്തേത്. പാരമ്പര്യമായി ഇന്ത്യ തുടര്‍ന്നു വരുന്ന ധാര്‍മ്മിക മൂല്ല്യങ്ങള്‍ക്കും മതകീയാചാരങ്ങള്‍ക്കും മേല്‍ കനത്ത തിരിച്ചടിയായിരുന്നു ഇവയില്‍ പലതും.
                പ്രകൃതിവിരുദ്ധവും ചികിത്സിച്ച് ഭേദമാക്കേണ്ടതുമായ സ്വവര്‍ഗ്ഗരതി അനുവദിച്ചു കൊണ്ടുള്ള വിധി ഭിന്നലിംഗക്കാര്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മറച്ചു വെക്കാനേ സഹായിച്ചുള്ളൂ. വിദ്യാഭ്യാസപരമായും ധാര്‍മ്മികമായും അവര്‍ അധഃപതിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം വിധിന്യായങ്ങളിലോ വാദപ്രതിവാദങ്ങളിലോ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. കടുത്ത സാമൂഹിക അരക്ഷിതാവസ്ഥയും ലൈംഗിക അരാജകത്വവും സൃഷ്ടിക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രശ്‌നമായിരുന്നു വ്യഭിചാരം കുറ്റമല്ലാതാക്കിക്കൊണ്ടുള്ള വിധിയും. നിയന്ത്രണങ്ങളില്ലാത്ത ലൈംഗികത സാമൂഹിക അധഃപതനത്തിനു കാരണമാകുമെന്ന വസ്തുത പരിഗണിക്കാതെയായിരുന്നു 'നീതിപൂര്‍വ്വ'മായ ഈ വിധിയും. മതാചാരങ്ങള്‍ക്കെതിരെ മതവുമായി അടുത്ത ബന്ധമില്ലാത്തവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച് കേവല യുക്തിയുടെ അടിസ്ഥാനത്തില്‍ ഭരണഘടന അനുവദിച്ചു നല്‍കിയ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന വിധികളായിരുന്നു മുത്ത്വലാഖ് നിരോധനവും ശബരിമല സ്ത്രീ പ്രവേശനാനുമതിയും.
                ഇപ്പറഞ്ഞവയൊക്കെ രാഷ്ട്രീയ പ്രാധാന്യമുള്ള സാമൂഹിക പ്രശ്‌നങ്ങളായിരുന്നു. ഇത്തരം വിഷയങ്ങളില്‍ ജഡ്ജിമാര്‍ക്ക് അവയുടെ രാഷ്ട്രീയ മാനം നോക്കാതെ തന്നെ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയും. പക്ഷേ, മിശ്രയുടെ ബെഞ്ച് വിധി പ്രഖ്യാപിച്ച മറ്റു രണ്ടു വിഷയങ്ങള്‍ രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ളവയായിരുന്നു. ആധാര്‍ കേസും അയോദ്ധ്യയിലെ ബാബരി മസ്ജിദ് ധ്വംസന കേസും. എല്ലാവരും ഈ വിധികള്‍ സ്വാഗതം ചെയ്തിട്ടില്ല എന്നെല്ലാവര്‍ക്കുമറിയാം. എന്നാല്‍, അവയുടെ പിന്നാമ്പുറങ്ങള്‍ മനസ്സിലാക്കിത്തന്നെയാണോ ഇത്തരമൊരു നിലപാട് രൂപീകരിക്കപ്പെട്ട് എന്ന പരിശോധന അത്യാവശ്യമാണ്. ആധാറിലൂടെ പൗരന്മാരുടെ സര്‍വ്വ വിവരങ്ങളും സര്‍ക്കാരുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ലഭ്യമായിരുന്നു. കോടതി ചില സ്ഥാപനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ നിഷിദ്ധമാക്കുകയും മറ്റുള്ളവയ്ക്ക് അനുവദിച്ചു കൊടുക്കുകയും ചെയ്തു. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിധിയില്‍ വ്യക്തതയുണ്ടായിരുന്നില്ല. പൗരന്മാരുടെ വിവരങ്ങള്‍ ഉപയോഗിക്കാനോ (ദുരുപയോഗം ചെയ്യാനോ) ഉള്ള സര്‍ക്കാരിന്റെ അധികാരം ഒരു നിലക്കും പരിമിതപ്പെടുത്താതെ തന്നെ, നിയമങ്ങള്‍ പരിഷ്‌ക്കരിക്കപ്പെട്ട് ജനങ്ങള്‍ക്കനുകൂലമായിട്ടുണ്ടെന്ന ധാരണ നിര്‍മ്മിച്ചെടുക്കുകയാണ് ഈ വിധിയിലൂടെ അദ്ദേഹം ചെയ്തത്. അതു കൊണ്ടു തന്നെ, സൂക്ഷ്മവും തന്ത്രപരവുമായ ഒരു വിധിയായിരുന്നു അത്, അല്ലാതെ, പൊതുജനതാല്‍പര്യങ്ങള്‍ മാനിക്കുന്ന ഒന്നായിരുന്നില്ല.
                ഇപ്രകാരം തന്നെയായിരുന്നു ബാബരി കേസും. മുസ്‌ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളി അത്യാവശ്യമില്ല എന്നായിരുന്നു വിധി. പാരമ്പര്യാടിസ്ഥാനത്തില്‍ അവര്‍ക്ക് എവിടെ വെച്ചു പ്രാര്‍ത്ഥിക്കാം. (അതു ശരി തന്നെയാണ്. മുസ്‌ലിംകള്‍ക്ക് പീടികത്തിണ്ണയില്‍ പായ വിരിച്ചും നമസ്‌ക്കരിക്കാം. പക്ഷേ, കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചില മുസ്‌ലിംകള്‍ ഗുരുഗ്രാമിലെ തുറസ്സായ കേന്ദ്രത്തില്‍ വെച്ച് പ്രാര്‍ത്ഥിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് സംരക്ഷണം ലഭിച്ചിട്ടും അവരെ തടയാനും അക്രമിക്കാനും വന്ന സാമൂഹ്യ വിരുദ്ധരെ പിരിച്ചുവിടാന്‍ കഴിഞ്ഞിരുന്നില്ല.) അയോദ്ധ്യയില്‍ ഒരു പുതിയ ബാബരി മസ്ജിദ് പണിയേണ്ട ആവശ്യമില്ലെന്നാണ് ഈ വിധി പറയാതെ പറയുന്ന കാര്യം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, അവിടെ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഒരു തടസ്സവുമില്ല എന്ന്. അതിസൂക്ഷ്മവും സമര്‍ത്ഥവുമായ മറ്റൊരു വിധി.
                വിധി താല്‍പര്യമുണര്‍ത്തുന്നതായിരുന്നില്ലെങ്കിലും രാഷ്ട്രീയ മാനമുള്ള രണ്ടു കേസുകളിലും വരേണ്യര്‍ക്കനുകൂലമായി വിധിക്കാന്‍ കഴിഞ്ഞു എന്നതാണ് ദീപക് മിശ്രയുടെ പുരോഗമനപരമായ വിധികളുടെ ബാക്കിപത്രം. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ സന്തോഷിപ്പിക്കുന്നതായിരുന്നു അവ രണ്ടും.
                ജസ്റ്റിസ് ദീപക് മിശ്രയോട് വിരമിച്ചതിന് ശേഷം രണ്ടു വര്‍ഷത്തേക്കെങ്കിലും സര്‍ക്കാരുദ്യോഗങ്ങളൊന്നും സ്വീകരിക്കരുതെന്നാവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയം പാസാക്കിക്കൊണ്ട് ബാര്‍ കൗണ്‍സിലിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ? ഇനിയും അവസാനിച്ചിട്ടില്ലാത്ത ഒരു ചര്‍ച്ചയാണിത്. ജെഎസ് വര്‍മയെപ്പോലുള്ള മഹാന്മാരായ ചില ജഡ്ജിമാര്‍ വിരമിച്ചതിനു ശേഷം മറ്റു സര്‍ക്കാര്‍ ഉദ്യോഗങ്ങളൊന്നും സ്വീകരിക്കാതെ വിരമിച്ചു തന്നെ തുടരുന്നു. മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ആര്‍എം ലോധ പദവിയില്‍ നിന്നും വിരമിക്കുന്ന ദിവസം വിരമിക്കുന്ന ഒരു ജഡ്ജിയും സര്‍ക്കാരുദ്യോഗമോ ഭരണഘടനാ പദവിയോ വഹിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ലോധയുടെ പിന്‍ഗാമിയായിരുന്ന പി സദാശിവം സുപ്രീം കോടതിയില്‍ നിന്നും നേരെ പോയത് കേരള രാജ്ഭവനിലേക്കായിരുന്നു, കേരളാ ഗവര്‍ണ്ണര്‍ പദവി ഏറ്റെടുക്കാന്‍ വേണ്ടി. മുന്‍ ചീഫ് ജസ്റ്റിസ് ജി ബാലകൃഷ്ണന്‍ പറഞ്ഞതു പോലെത്തന്നെ, സദാശിവം പറഞ്ഞത് ഇത്തരം ജോലികള്‍ സ്വീകരിക്കുന്നതു കൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നാണ്.
                'വിരമിക്കുന്നതിനു മുമ്പ് ജഡ്ജിമാര്‍ നടത്തുന്ന വിധികളില്‍ വിരമിച്ചതിനു ശേഷം അവര്‍ ഉദ്യോഗം ആഗ്രഹിക്കുന്നതിന്റെ സ്വാധീനം കാണാം' എന്ന് മുമ്പ് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു. പക്ഷേ, അത് 2012ല്‍ അദ്ദേഹം പ്രതിപക്ഷത്തിരിക്കുന്ന കാലത്തായിരുന്നു. ഇപ്പോള്‍ അദ്ദേഹം മന്ത്രിയാണ്. എന്നാല്‍, ഇപ്പോഴദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടെന്താണെന്ന് വ്യക്തമല്ല. ഏതായാലും, ജസ്റ്റിസുമാരായ ബാലകൃഷ്ണനും സദാശിവവും തെരഞ്ഞെടുത്ത അവസരവാദത്തിന്റെയും വര്‍മ്മയും ലോധയും സ്വീകരിച്ച സത്യസന്ധതയുടെയും ആര്‍ജ്ജവത്തിന്റെയും പാതകളില്‍ ഏതാണ് ശരി? അവയിലേതാണ് ദീപക് മിശ്ര സ്വീകരിക്കുക? ഒരു കാര്യം വ്യക്തമാണ്. വിരമിച്ചതിനു ശേഷം ജസ്റ്റിസ് ദീപക് മിശ്ര നടത്തുന്ന നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് താല്‍പര്യപൂര്‍വ്വം വീക്ഷിക്കപ്പെടുന്നുണ്ട്.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...