അനന്തമായ, ചെന്നു ചേരാനിടമില്ലാത്ത ഒരു പ്രവാഹമാണ് സോഷ്യല്‍ മീഡിയ, ഒഴുക്കിനെതിരെ നീന്തുന്നവര്‍ ഒഴുക്കില്‍ പെട്ട് പരാജിതരായി വെള്ളം കുടിച്ചു പോകുന്ന മഹാപ്രവാഹം. അതിലേക്കിറങ്ങി നീന്തിത്തുടങ്ങിയവര്‍ കരകാണുക അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിരിക്കും. സര്‍വ്വ വശങ്ങളിലേക്കും നീന്തി വശം കെട്ട് അവര്‍ അവസാനം വേര്‍പ്പെടുത്താനാവാത്ത വിധം അതില്‍ ലയിച്ചു പോകുന്നു. സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം നീന്തുമ്പോള്‍, അനേകായിരം കാഴ്ച്ചകളുടെയും അനുഭവങ്ങളുടെയും ജലധാരകള്‍ കണ്ട് മനം കുളിരണിയും. വിവാദങ്ങളുടെ, അപകീര്‍ത്തി പ്രചാരണങ്ങളുടെ, അസത്യങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളൊരുക്കുന്ന ദുര്‍ഗന്ധത്തിന്റെ വിരസക്കൂട്ടുകള്‍ നാസിക മണ്ഡലങ്ങളില്‍ ഇരച്ചു കയറും. ഫേക്ക് ന്യൂസുകളുടെയും ഇന്‍ക്ലൂസീവുകളുടെയും അടിയൊഴുക്കുകളില്‍ ലോകം കീഴ്‌മേല്‍ മറിഞ്ഞു കൊണ്ടിരിക്കുന്നത് അനുഭവിച്ചറിയും. വ്യക്തിഹത്യകളുടെയും വൈരാഗ്യങ്ങളുടെയും കുപ്പിച്ചില്ലുകളെ വാ തൊടാതെ അകത്താക്കാന്‍ പഠിക്കും. വ്യക്തി പ്രഭാവത്തിന്റെ ബലൂണുകള്‍ ഊതി വീര്‍പ്പിക്കാന്‍ പരിശീലനം ലഭിക്കും. അപരിചിത വിഷയങ്ങളില്‍ പോലും നിര്‍ലോഭം അഭിപ്രായങ്ങള്‍ പുറത്തു വിടുന്ന യാന്ത്രികതയിലേക്കു...