Skip to main content

ആധുനിക ലോകം സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം നീന്തുമ്പോള്‍

അനന്തമായ, ചെന്നു ചേരാനിടമില്ലാത്ത ഒരു പ്രവാഹമാണ് സോഷ്യല്‍ മീഡിയ, ഒഴുക്കിനെതിരെ നീന്തുന്നവര്‍ ഒഴുക്കില്‍ പെട്ട് പരാജിതരായി വെള്ളം കുടിച്ചു പോകുന്ന മഹാപ്രവാഹം. അതിലേക്കിറങ്ങി നീന്തിത്തുടങ്ങിയവര്‍ കരകാണുക അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിരിക്കും. സര്‍വ്വ വശങ്ങളിലേക്കും നീന്തി വശം കെട്ട് അവര്‍ അവസാനം വേര്‍പ്പെടുത്താനാവാത്ത വിധം അതില്‍ ലയിച്ചു പോകുന്നു.

സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം നീന്തുമ്പോള്‍, അനേകായിരം കാഴ്ച്ചകളുടെയും അനുഭവങ്ങളുടെയും ജലധാരകള്‍ കണ്ട് മനം കുളിരണിയും. വിവാദങ്ങളുടെ, അപകീര്‍ത്തി പ്രചാരണങ്ങളുടെ, അസത്യങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളൊരുക്കുന്ന ദുര്‍ഗന്ധത്തിന്റെ വിരസക്കൂട്ടുകള്‍ നാസിക മണ്ഡലങ്ങളില്‍ ഇരച്ചു കയറും. ഫേക്ക് ന്യൂസുകളുടെയും ഇന്‍ക്ലൂസീവുകളുടെയും അടിയൊഴുക്കുകളില്‍ ലോകം കീഴ്‌മേല്‍ മറിഞ്ഞു കൊണ്ടിരിക്കുന്നത് അനുഭവിച്ചറിയും. വ്യക്തിഹത്യകളുടെയും വൈരാഗ്യങ്ങളുടെയും കുപ്പിച്ചില്ലുകളെ വാ തൊടാതെ അകത്താക്കാന്‍ പഠിക്കും. വ്യക്തി പ്രഭാവത്തിന്റെ ബലൂണുകള്‍ ഊതി വീര്‍പ്പിക്കാന്‍ പരിശീലനം ലഭിക്കും. അപരിചിത വിഷയങ്ങളില്‍ പോലും നിര്‍ലോഭം അഭിപ്രായങ്ങള്‍ പുറത്തു വിടുന്ന യാന്ത്രികതയിലേക്കുള്ള ചുവടു മാറ്റങ്ങള്‍ കണ്ട് കൃത്രിമ പുഞ്ചിരികള്‍ എടുത്തണിയും.
നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ ഒഴുക്കുകള്‍ എതിര്‍ദിശയിലേക്കു മുഖം തിരിക്കുകയും ശാന്ത സാഗരം ഭീകരമായ അലയൊലികള്‍ക്കും ജന്മം നല്‍കുകയും ചെയ്യുന്ന അത്ഭുത ലോകമാണ് സോഷ്യല്‍ മീഡിയ. സമൂഹത്തിന്റെയും വ്യക്തികളുടെയും മുഖം വികൃതമാക്കുന്ന ട്രോളുകളുടെ അമ്ല മഴയും പ്രതിഷേധ പ്രകടനങ്ങളുടെ ചുഴികളും വിവാദങ്ങളുടെ ചുഴലിക്കാറ്റുകളും അതിന്റെ പ്രക്ഷുബ്ധതയ്ക്കു വര്‍ദ്ധിത വീര്യം പകരുന്നു. നാടോടുമ്പോള്‍ നടുവെ ഓടാത്തവര്‍ ഈ നഗരത്തില്‍ നിരാലംബരായി മുങ്ങിത്താഴുന്നു.
പച്ചപ്പിന്റെ മരതകക്കാഴ്ച്ചകളും പ്രദോഷത്തിന്റെ സുവര്‍ണ്ണപ്പൊട്ടുകളും ഒഴുകുന്ന പുഴയുടെ ശാന്തയും ആകാശത്തിന്റെ നീലിമയും സൂര്യചന്ദ്രന്മാരുടെ സവര്‍ണോദയങ്ങളും സോഷ്യല്‍ മീഡിയയിലെ ജെപിജി ഫയലുകളുടെ മാറ്റ് കൂട്ടുന്നു. നഗ്ന കാഴ്ച്ചകള്‍ക്കു നേരെ നിസ്സംഗതയോടെ അവഗണനയുടെ കണ്ണുകളെറിയാനും സോഷ്യല്‍ മീഡിയയിലെ ഇമേജുകളുടെ ബ്യൂട്ടി ആസ്വദിച്ച് 'ഹൗ, വണ്ടര്‍ ഫുള്‍' എന്നു പ്രതികരിക്കാനും സോഷ്യല്‍ മീഡിയയുടെ പ്രിയ കൂട്ടുകാരുടെ മാനസങ്ങള്‍ തുടിക്കുന്നു. അടുത്തിരിക്കുന്ന, ത്യാഗങ്ങളുടെയും സമര്‍പണങ്ങളുടെയും കഥകള്‍ പറയാനുള്ള അമ്മയുടെ സുന്ദര വദനം സോഷ്യല്‍ മീഡിയയില്‍ നീന്തുന്നതിനിടയില്‍ അരോചകത്വത്തിന്റെ പ്രതീകമായി മാറുന്നു. സ്‌നേഹത്തിന്റെ, കഠിനാധ്വാനങ്ങളുടെ ചരിതങ്ങള്‍ പറയാനുള്ള അച്ഛന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്നും കിട്ടിയ കാര്‍ക്കിച്ചു തുപ്പലിന്റെ പരിശീലന വേദിയായി പരിണമിക്കുന്നു.
വികാരങ്ങളുടെ വേലിയേറ്റങ്ങളറിയുന്നത് സോഷ്യല്‍ മീഡിയയില്‍ നീന്തിത്തുടിക്കുമ്പോഴാണ്, അന്യന്റെ ബര്‍ത്ത് ഡേ വിഷുകള്‍ നല്‍കാന്‍ സമയം വൈകുമ്പോള്‍, അവന്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ലൈക്കടിക്കാന്‍ വിട്ടു പോകുമ്പോള്‍... വിധി വൈപരീത്യങ്ങളെ ചൂടാറാതെ പോസ്റ്റ് ചെയ്യുമ്പോഴാണ് ആത്മ നിര്‍വൃതി അനുഭവിക്കാന്‍ കഴിയുക. വീട്ടില്‍ അച്ഛന്റെ അടിയന്തിരം നടക്കുമ്പോഴും മറ്റൊരാള്‍ നടുറോഡില്‍ പിടഞ്ഞു വീഴുന്ന ചിത്രത്തിന് കമന്റുകള്‍ തുരുതുരെ പോസ്റ്റ് ചെയ്യുന്നതിന്റെ രസം ഒന്നു വേറെത്തന്നെ. അവന്റെ കമന്റുകള്‍ക്ക് ലൈക്കടിക്കാന്‍ സമൂഹ മാധ്യമങ്ങളുടെ സാഗരങ്ങളില്‍ നീന്തുന്ന മറ്റനേകം പ്രതീക്ഷാ നിര്‍ഭരമായ ഹൃദയങ്ങളുണ്ട്, സോറി, യന്ത്രങ്ങളുണ്ട്. ആ മഹാപ്രവാഹത്തില്‍ അങ്ങനെ അങ്ങനെ മറ്റെന്തൊക്കെയോ ആയിത്തീരുന്നു.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

ശബരിമലയും മുത്ത്വലാഖും: മതവിരുദ്ധതയെ യുക്തിയാക്കുന്നതെന്തിന്?

കേരളജനത വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് ഇപ്പോള്‍ ശബരിമല സ്ത്രീ പ്രവേശന വിധിയും അനന്തര സംഭവങ്ങളും. സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങള്‍ പോലും വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുത്ത്വലാഖ് ഓര്‍ഡിനന്‍സിനെതിരെ മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ മാഞ്ഞു തുടങ്ങിയപ്പോഴേക്കും ആഘോഷിക്കാന്‍ മറ്റൊരു മതവിഷയം തന്നെ നല്‍കിയതിന് മാധ്യമങ്ങള്‍ കേരളജനതയോട് കൃതജ്ഞത പ്രകടിപ്പിക്കുന്നുണ്ടാകും. ഏതായാലും, മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മതം യുക്തിരഹിതമാണ് എന്ന നിലപാട് സ്വീകരിക്കാനാണ് ഇപ്പോള്‍ മതവിശ്വാസികളും അനുകൂലികളും താല്‍പ്പര്യപ്പെടുത്തുന്നത് എന്നതാണ് ആശ്ചര്യകരം. ശബരിമല കേസില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ഏക ജഡ്ജി ജസ്റ്റിസ് ഇന്ദു മഹോല്‍ത്ര സ്വീകരിച്ച നിലപാടും അതു തന്നെയായിരുന്നു. മതവിഷയങ്ങളില്‍ യുക്തിയെ അന്വേഷിക്കരുത് എന്നാണവര്‍ പറഞ്ഞത്. മതം യുക്തിക്കു നിരക്കാത്തതാണെന്നു തോന്നിപ്പോകും ഇത്തരം പല വാക്കുകളും കേട്ടാല്‍. മതവിശ്വാസം യുക്തിരാഹിത്യവും മതവിരുദ്ധത യുക്തിയുമാക്കി മാറ്റാനുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ നടന്നു കൊണ്ടിരിക്കുന്നു എന്നര്‍...