Skip to main content

പ്രധാനമന്ത്രിയുടെ മൗനവ്രതം എന്നവസാനിക്കും?

   മൗനത്തിലൂടെയും ഒളിച്ചുകളിയിലൂടെയും രക്ഷപ്പെടാന്‍ നോക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വഞ്ചിക്കുകയല്ലേ? ഏതു വിഷയം വരുന്ന സമയത്തും അതില്‍ ഇടപെടാതിരിക്കാനുള്ള തന്ത്രമായി, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കീഴ്വഴക്കം പോലും തിരുത്തിയെഴുതി, ചോദ്യങ്ങളില്‍ നിന്നും മനഃപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയാണ് ഫാസിസ്റ്റ് നേതാവ്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ നിഷേധിച്ച് പാര്‍ലമെന്റില്‍ പോലും ചോദ്യോത്തര വേള കഴിഞ്ഞതിനു ശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന മോദി മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പുകള്‍ നല്‍കി തടിതപ്പുന്നു.
   ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാര്‍ മാധ്യമങ്ങളെ കാണുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തപ്പോള്‍, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാതെ, ചോദ്യങ്ങള്‍ക്കുള്ള അവസരം നിഷേധിച്ച് താന്‍ എഴുതി നല്‍കുന്നതു മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതി എന്ന ഏകാധിപത്യ നിലപാട് പുലര്‍ത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നത്. താന്‍ അവകാശപ്പെടുന്ന വിദ്യാഭ്യാസ നിലവാരം തനിക്കുണ്ടെന്ന് പോലും തെളിയിക്കാന്‍ കഴിയാത്ത മോദി സ്വയം പരിഹാസ്യനാവുകയാണ്. എംപിമാര്‍ അദ്ധേഹത്തിന് നല്‍കുന്ന പരാതികളെക്കുറിച്ചും നിവേദനങ്ങളെക്കുറിച്ചും വല്ലതും ഉരിയാടാന്‍ ത്രാണിയില്ലാത്ത അദ്ധേഹത്തിന് എഴുതി തയ്യാറാക്കിയ പ്രസംഗങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കാന്‍ മാത്രമേ അറിയുകയുള്ളൂ എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യക്ക് വൈദേശിക തലത്തിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും ഇന്ത്യയുടെ സ്വരം ഐക്യരാഷ്ട്രസഭയില്‍ പല പ്രാവശ്യം ഉയര്‍ത്തുകയും ചെയ്ത മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ. അഹ്മദ് സാഹിബിന്റെ മരണവാര്‍ത്ത മറച്ചു വെക്കാന്‍ ഗൂഢശ്രമം നടത്തിയ മോദി, ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇവ്വിഷയകമായി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല എന്നു മാത്രമല്ല, പിന്നീട് 56 ഓളം എംപിമാര്‍ നല്‍കിയ നിവേദനം സ്വീകരിക്കുന്ന സമയത്ത് ഇതിനെക്കുറിച്ച് ഒരക്ഷരം ഉച്ചരിക്കുക പോലുമുണ്ടായില്ല. ഇതില്‍ നിന്നു തന്നെ ഈ വിഷയത്തിന് അദ്ധേഹം ഒരു പ്രാധാന്യവും നല്‍കിയില്ല എന്നു വ്യക്തമാണ്. കൂടാതെ, അദ്ധേഹം പുലര്‍ത്തുന്ന ഏകാധിപത്യ നിലപാടുകളിലേക്കുള്ള സ്പഷ്ട സൂചനയുമാണ്.
   തന്നെ വിമര്‍ശിക്കുന്നവരെ ഏകാധിപത്യ ശൈലിയിലൂന്നിയ പ്രസംഗങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ മുതിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓരോ ഇടപെടലും ഇന്ത്യയുടെ ഭാവിക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മന്‍മോഹന്‍ സിങിനെ ചോദ്യോത്തര വേള കഴിഞ്ഞ് പ്രസംഗിക്കാന്‍ പാകത്തിനെത്തിയ നരേന്ദ്ര മോദി പരിഹസിച്ചതും എതിര്‍ക്കുന്നവരോട് താന്‍ പുലര്‍ത്തുന്ന ഫാസിസ്റ്റ് നിലപാടിലേക്കുള്ള സൂചനയാണ്. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വന്‍ ഇടിവിന് കാരണമാകുമെന്നും അത് തന്നെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍ കഴിയാത്തതാണെന്നുമുള്ള മന്‍മോഹന്റെ പരാമര്‍ശങ്ങളായിരുന്നു ഇതിന്റെ കാരണം. വിമര്‍ശനങ്ങളെ താന്‍ എത്രത്തോളം ഭയപ്പെടുന്നു എന്ന് കൂടി മോദിയുടെ ഇത്തരം നീക്കങ്ങളില്‍ നിന്നും പ്രകടമാകുന്നു.
    ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലക്ക് നരേന്ദ്ര മോദി പരാജയമാണ് എന്നതിന്റെ സൂചനകള്‍ അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ നിന്നും മനസ്സിലാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ജനതെയാകമാനം ദുരിതത്തിലാഴ്ത്തി ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് അദ്ധേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ പോലും ജനപക്ഷത്തു നിന്ന് കൊണ്ടായിരുന്നില്ല എന്നതും അദ്ധേഹത്തിന് തിരിച്ചടിയാകും എന്നു വിലയിരുത്തുന്നവരുണ്ടെങ്കിലും, ഈ വിഷയത്തിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ അദ്ധേഹം തയ്യാറായില്ല എന്നതാണ് ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകാനുള്ള കാരണമെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. പ്രധാനമന്ത്രിയുടെ മൗനവ്രതം എന്നവസാനിക്കും എന്ന ചോദ്യം പ്രസക്തമാകുന്നതും ഇക്കാരണത്താല്‍ തന്നെയാണ്‌.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

ശബരിമലയും മുത്ത്വലാഖും: മതവിരുദ്ധതയെ യുക്തിയാക്കുന്നതെന്തിന്?

കേരളജനത വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് ഇപ്പോള്‍ ശബരിമല സ്ത്രീ പ്രവേശന വിധിയും അനന്തര സംഭവങ്ങളും. സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങള്‍ പോലും വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുത്ത്വലാഖ് ഓര്‍ഡിനന്‍സിനെതിരെ മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ മാഞ്ഞു തുടങ്ങിയപ്പോഴേക്കും ആഘോഷിക്കാന്‍ മറ്റൊരു മതവിഷയം തന്നെ നല്‍കിയതിന് മാധ്യമങ്ങള്‍ കേരളജനതയോട് കൃതജ്ഞത പ്രകടിപ്പിക്കുന്നുണ്ടാകും. ഏതായാലും, മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മതം യുക്തിരഹിതമാണ് എന്ന നിലപാട് സ്വീകരിക്കാനാണ് ഇപ്പോള്‍ മതവിശ്വാസികളും അനുകൂലികളും താല്‍പ്പര്യപ്പെടുത്തുന്നത് എന്നതാണ് ആശ്ചര്യകരം. ശബരിമല കേസില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ഏക ജഡ്ജി ജസ്റ്റിസ് ഇന്ദു മഹോല്‍ത്ര സ്വീകരിച്ച നിലപാടും അതു തന്നെയായിരുന്നു. മതവിഷയങ്ങളില്‍ യുക്തിയെ അന്വേഷിക്കരുത് എന്നാണവര്‍ പറഞ്ഞത്. മതം യുക്തിക്കു നിരക്കാത്തതാണെന്നു തോന്നിപ്പോകും ഇത്തരം പല വാക്കുകളും കേട്ടാല്‍. മതവിശ്വാസം യുക്തിരാഹിത്യവും മതവിരുദ്ധത യുക്തിയുമാക്കി മാറ്റാനുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ നടന്നു കൊണ്ടിരിക്കുന്നു എന്നര്‍...