Skip to main content

ഭേദഗതികളും വെളിപ്പെടുത്തലുകളും മോദിയുടെ കുറ്റസമ്മതം

സർക്കാർ നടത്തിയ നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി ഏകീകൃത നികുതി സംവിധാനത്തിൻറെയും 'ഗുണ ഗണങ്ങള്‍' വിശദീകരിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. താത്ക്കാലിക തിരിച്ചടികള്‍ മാത്രമാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും വൈകാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖല പുരോഗതിയിലേക്കു തിരിച്ചു കയറുമെന്നുമുള്ള ആശ്വാസ വാചകങ്ങള്‍ അദ്ധേഹം ഉരുവിട്ടു. ബിജെപിയിലെ മുന്‍ ധനമന്ത്രി അടക്കമുള്ള നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരുമുള്‍പ്പെടെ നിരവധിയാളുകള്‍ സാമ്പത്തിക രംഗത്തെ പുതിയ 'നടപടികളെ' വിമര്‍ശിച്ച് രംഗത്തെത്തിയതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രിക്ക് മറ്റൊന്നും പറയാനില്ലല്ലോ. എന്നാല്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ ഒരു കുറ്റസമ്മതമായിരുന്നു, തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന പരസ്യമായ കുറ്റസമ്മതം. ജിഎസ്ടിയും നോട്ട് നിരോധനവും കൃത്യമായ ധാരണകളോടെ ആസൂത്രിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആ വാക്കുകളുടെ ധ്വനിയെന്ന് മനസ്സിലാക്കാന്‍ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല.
   വിമര്‍ശനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു എന്നും ഇനിയും നിഷ്‌ക്രിയരായി തുടരാന്‍ കഴിയില്ല എന്നും ബോധ്യമായതോടെ സര്‍ക്കാര്‍ പ്രതികരണത്തിനു നിര്‍ബന്ധിതരായി. അതുകൊണ്ടു തന്നെ, രണ്ടു പ്രധാന വിമര്‍ശനങ്ങളെയും അതിജയിക്കാന്‍ രണ്ട് നടപടികള്‍ കൈകൊള്ളുകയും ചെയ്തു. ഒന്നാമതായി, ജിഎസ്ടിയുടെ ചില നികുതിയിനങ്ങളില്‍ കാര്യമായ ഇളവുകള്‍ വരുത്തി ധനമന്ത്രാലയം പുതിയ ഉത്തരവിറക്കി. രണ്ടാമതായി, രാജ്യത്തെ ഒരുപാട് കടലാസ് കമ്പനികളുടെ, മിനിമം ബാലന്‍സ് മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകളിലൂടെ ഒരുപാട് കള്ളപ്പണം വെളുപ്പിച്ചെടുത്തിരുന്നു എന്ന് വെളിപ്പെടുത്തി. യഥാര്‍ത്ഥത്തില്‍, കൃത്യമായ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളുമില്ലാതെയാണ് തങ്ങള്‍ മേല്‍പ്പറഞ്ഞ രണ്ടു പദ്ധതികളും നടപ്പിലാക്കിയത് എന്നു വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍.

ജിഎസ്ടി ഇളവുകള്‍ വൈകിയുദിച്ച ബുദ്ധിയോ?

   ജിഎസ്ടി നടപ്പാക്കുന്നതിനു മുമ്പ് കൃത്യമായ ആസൂത്രണങ്ങളും ആലോചനകളും നടത്തിയിട്ടില്ല എന്നു വ്യക്തമാക്കുന്നതാണ് പുതിയ നികുതിയിളവുകള്‍. രാജ്യത്ത് ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ ശക്തമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ നികുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി, അരുണ്‍ ജയ്റ്റ്‌ലിയുടെ ധനമന്ത്രാലയം. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല എന്നു മനസ്സിലാക്കിയതു കൊണ്ടായിരിക്കും. ജിഎസ്ടി നടപ്പിലാക്കുന്നതിനു മുമ്പ് തന്നെ ദീര്‍ഘ ദൃഷ്ടിയോടെ കാര്യങ്ങള്‍ നോക്കിക്കാണുകയും ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഏറ്റവും മികച്ച രൂപത്തില്‍ അത് നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രതിഷേധങ്ങളുടെ ഗതി-വിഗതികള്‍ക്കനുസൃതമായി ഇത്തരം ഇളവുകളും വര്‍ദ്ധനവുകളും നടപ്പിലാക്കിക്കൊണ്ടേയിരിക്കേണ്ട ഗതികേട് വരുമായിരുന്നില്ല. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാനും അത് സഹായകമാണോ, ഏത് രൂപത്തില്‍ എപ്പോഴാണ് അതു നടപ്പിലാക്കേണ്ടത് തുടങ്ങി വിശദചര്‍ച്ചകള്‍ അനിവാര്യമായിരുന്നു.
   ഭരണം നിലനിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ 'ജനങ്ങളുടെ സര്‍ക്കാര്‍' എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ കൂടുതല്‍ ചര്‍ച്ചകളും ആലോചനകളൊന്നുമില്ലാതെ ജിഎസ്ടി ഒറ്റനികുതി നയം പ്രഖ്യാപിച്ചതോടെ മോദി സര്‍ക്കാരിനു നേരെ 'ഗോബാക്ക്' ബാനറുകള്‍ ഉയര്‍ന്നു തുടങ്ങി. പുതിയ ഭേദഗതികള്‍ നടപ്പിലാക്കിക്കൊണ്ട് എല്ലാ വിമര്‍ശനങ്ങള്‍ക്കും സാധൂകരണം നല്‍കുകയും പ്രതിഷേധങ്ങളില്‍ കഴമ്പുണ്ടെന്ന് അംഗീകരിക്കുകയും ചെയ്തു. കിതച്ചു കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക നില താഴോട്ടിറങ്ങിക്കൊണ്ടിരിക്കുമ്പോള്‍, ജനശ്രദ്ധ തിരിക്കാന്‍ മറ്റു വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമങ്ങളും ജനരക്ഷാ യാത്ര പോലുള്ള പരിപാടികളിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപി നടത്തുന്നുണ്ട്. ഏതായാലും, തങ്ങളുടെ ദൗര്‍ബല്ല്യങ്ങളും രാജ്യത്തോട് തങ്ങള്‍ ചെയ്ത കടുത്ത അനീതിയും തുറന്നു സമ്മതിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ഇതിലൂടെയൊക്കെ ചെയ്തതെന്ന് സ്പഷ്ടമാണ്.

നോട്ട് നിരോധനവും പുതിയ വെളിപ്പെടുത്തലും

   എല്ലാ കള്ളപ്പണക്കാരും പിടിയിലാകുമെന്നും രാജ്യം സാമ്പത്തിക 'വിശുദ്ധി' നേടാന്‍ പോവുകയാണെന്നുമൊക്കെ വീമ്പിളക്കിക്കൊണ്ടാണ് ആകെ കറന്‍സി നോട്ടുകളുടെ 86 ശതമാനത്തോളം വരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര ഗവര്‍ണ്‍മെന്റ് ഉത്തരവിറക്കിയത്. ആ ഉത്തരവു തന്നെ ഒരു എടുത്തു ചാട്ടമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അന്നു തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ജനകീയതയും അതുവഴി അധികാരത്തുടര്‍ച്ചയും നേടിയെടുക്കാനുള്ള 'അത്യാഗ്രഹ'ത്തില്‍ ജനത്തെയും ജനാധിപത്യ സങ്കല്‍പത്തെയും മറന്ന മോദി എല്ലാം തള്ളിക്കളഞ്ഞു. പുതിയ രണ്ടായിരത്തിന്റെ നോട്ട് ഇതാ എത്തിക്കഴിഞ്ഞു എന്നു പ്രഖ്യാപിച്ച സമയത്ത് അതിന്റെ പ്രിന്റിംഗ് പോലും ആരംഭിച്ചിരുന്നില്ല എന്ന വസ്തുത മുന്നൊരുക്കങ്ങളില്ലാതെയായിരുന്നു ഈ അതിസാഹസം എന്നു വിളിച്ചറിയിക്കുന്നതാണ്.
   പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് തൊണ്ണൂറ്റൊമ്പത് ശതമാനം നോട്ടുകളും റിസര്‍വ്വ് ബാങ്കില്‍ തിരിച്ചെത്തുകയും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കു കാലെടുത്ത് വെച്ചുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കേണ്ടി വരികയും ചെയ്തതോടെ ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിത്തുടങ്ങി. തുടര്‍ന്നാണ് നാലായിരത്തോളം വരുന്ന കടലാസു കമ്പനികളുതേടക്കം ധാരാളം മിനിമം ബാലന്‍സ് അക്കൗണ്ടുകള്‍ വഴി ഒട്ടുമിക്ക കള്ളപ്പണവും റിസര്‍വ്വ് ബാങ്കില്‍ തിരിച്ചെത്തിയെന്ന 'നിര്‍ണായക' (?) വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി നടത്തിയത്. സത്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ രണ്ടു കുറ്റസമ്മതങ്ങളാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്.
   ഒന്ന്, കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ (?) നടപ്പിലാക്കിയ നോട്ട് നിരോധനം എന്ന 'പദ്ധതി' പരാജയമായിരുന്നു. കാരണം, കള്ളപ്പണത്തിന്റെ മുക്കാല്‍ ഭാഗവും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട് എന്നു സര്‍ക്കാര്‍ തന്നെ അറിയിച്ചതാണല്ലോ. അതു തടയാന്‍ കഴിഞ്ഞിട്ടില്ല എന്ന വലിയ വീഴ്ച്ച തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുകയാണ് അകഷരാര്‍ത്ഥത്തില്‍ ബിജെപി സര്‍ക്കാര്‍ ചെയ്തത്. കള്ളപ്പണവേട്ട എന്ന ലക്ഷ്യത്തിലെന്നു പറഞ്ഞു പ്രഖ്യാപിച്ച നോട്ട് നിരോധനം കള്ളപ്പണക്കാര്‍ക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്തിയിട്ടില്ല എന്നതു കൊണ്ടു തന്നെ അതു വലിയ വിഡ്ഢിത്തമായിപ്പോയി എന്ന കുറ്റസമ്മത സ്വരം ബുദ്ധിയുള്ളവര്‍ക്ക് ഊഹിച്ചെടുക്കാവുന്നതല്ലേയുള്ളൂ.
   രണ്ട്, മുമ്പ് പറഞ്ഞതു പോലെ, ചര്‍ച്ചകളോ ആസൂത്രണങ്ങളോ ദീര്‍ഘ വീക്ഷണങ്ങളോ ഇല്ലാതെയാണ് തങ്ങള്‍ നോട്ട് നിരോധനം നടത്തിയത് എന്ന കുറ്റസമ്മതം. എന്തെങ്കിലും പറഞ്ഞതിനു ശേഷം മാത്രം താന്‍ എന്താണ് പറഞ്ഞത് എന്നു ചിന്തിക്കുന്നവരെക്കുറിച്ച് നാം പല ചൊല്ലുകളും കേട്ടിട്ടുണ്ടാകുമല്ലോ. രാഷ്ട്ര ഭരണത്തില്‍ അതീവ സൂക്ഷ്മതയും മൂര്‍ച്ചയേറിയ ചിന്തയും അനിവാര്യമാണെന്ന ബോധം പോലുമില്ലാതെ ഭരിക്കുന്നതു കൊണ്ടു തന്നെയാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുമ്പോള്‍ മോദിക്കു നില്‍ക്കക്കള്ളിയില്ലാതാവുന്നതും പരമാവധി അവരില്‍ നിന്നും അകലം പാലിക്കുന്നതും.
   കര്‍ഷകരുടെ പ്രശ്‌നങ്ങളിലേക്കു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ മാറി നടന്ന സര്‍ക്കാര്‍ പല പഴയ പദ്ധതികളും പുതിയ പേരുകളില്‍ പ്രഖ്യാപിച്ച് 'കര്‍ഷക സൗഹൃദം' പ്രകടിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അതിലെ കപടഭാവത്തെ തിരിച്ചറിയാത്തവര്‍ മോദി സിന്ദാബാദ് എന്നു വിളിച്ചു നടക്കുമ്പോള്‍ അവരോട് നമുക്ക് സഹതാപം പ്രകടിപ്പിക്കാം. മോദിഭരണത്തെ സംബന്ധിച്ച് വിഡ്ഢിത്തങ്ങളുടെ സംഗമകാലം എന്നു പറയുന്നവരെ കുറ്റം പറയാനാവില്ലെന്നു തീര്‍ച്ച.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...