Skip to main content

മോദി ഭരണം: ചില യാഥാര്‍ത്ഥ്യങ്ങള്‍

        കേന്ദ്രഭരണം ഏറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ഒരു പദ്ധതിയും രാജ്യപുരോഗതി എന്ന ലക്ഷ്യത്തിലായിരുന്നില്ല. തന്റെ ജനപിന്തുണ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. അധികാരം തന്റെ കൈകളില്‍ ഭദ്രമായിരിക്കണം എന്ന സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയാണ് നോട്ട് നിരോധനം മുതല്‍ കേരളത്തിലെ ജനരക്ഷാ യാത്ര വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ഭരണത്തിന് പെട്ടെന്നൊന്നും അന്ത്യമുണ്ടാകരുതെന്ന അതിമോഹമാണ് നോട്ടു നിരോധനം എന്ന സാഹസത്തിലേക്ക് മോദിയെ എടുത്തു ചാടച്ചത്. പാവപ്പെട്ടവര്‍ക്കു വേണ്ടി നിലകൊള്ളുന്ന മഹാനാണ് മോദി എന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇത്. കള്ളപ്പണ വേട്ട എന്ന ആശയം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഒരളവോളം സഹായിച്ചിരുന്നു എന്നു തന്നെ സാരം.
        ജിഎസ്ടി എന്ന ഒറ്റ നികുതി നയം യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ചതും ജനങ്ങളുടെ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ്. മേല്‍പ്പറഞ്ഞ രണ്ട് നീക്കങ്ങളും അതിസാഹസികമാണെന്ന് പ്രതിപക്ഷവും സാമ്പത്തിക വിദഗ്ദ്ധരും ആവര്‍ത്തിച്ച് വ്യക്തമാക്കിയപ്പോഴും അതെല്ലാം തള്ളിക്കളഞ്ഞ പ്രധാനമന്ത്രിക്ക് അവസാനം സമ്മതിക്കേണ്ടി വന്നു, തങ്ങള്‍ക്കു തെറ്റു പറ്റിയെന്ന്. ഫലത്തില്‍, ജനങ്ങള്‍ ഒരുപാട് കാലം ക്യൂ നിന്നതും ഇന്നു മുതല്‍ എല്ലാറ്റിനും വില കുറയും എന്ന് പ്രതീക്ഷിച്ച് ആഴ്ച്ചകളോളം കാത്തു നിന്നതുമെല്ലാം വെറുതെയാണെന്ന് സമ്മതിച്ചിരിക്കുകയാണ്. തളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌രംഗം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഇന്ത്യ നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടിക്കൊണ്ടിരിക്കുന്നത്.
        ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കേന്ദ്രവിഹിതത്തില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്ല്യങ്ങള്‍ പോലും നല്‍കാതെ കാര്‍ഷിക മേഖലയെ കൈയ്യൊഴിയുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ അവര്‍ നടത്തുന്ന സമരങ്ങള്‍ക്കു മീഡിയ കവറേജ് ലഭിക്കുന്നില്ല എന്നേയുള്ളൂ. അതിന് മാധ്യമ ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല എന്നതും ഭരണനിയന്ത്രകരുടെ ഇടപെടലിലേക്കാണ് സൂചനകള്‍ നല്‍കുന്നത്.
        ജനങ്ങളെ ഇത്രയും ദുരിതങ്ങളിലാഴ്ത്തുകയും അതോടൊപ്പം ജനകീയത നടിക്കുകയും ചെയ്യുമ്പോഴും പലരും തങ്ങളുടെ ഇത്തരം കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന ബോധം വന്നപ്പോള്‍ വീണ്ടും വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള വ്യര്‍ത്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ വര്‍ഗ്ഗീയവത്ക്കരണ ലക്ഷ്യത്തോടെയുള്ള ജനരക്ഷാ യാത്ര അടക്കമുള്ള പദ്ധതികളുമായി മോദിയും അമിത് ഷായും രംഗത്തെത്തുന്നത്. ഹിന്ദുത്വത്തിന്റെ സംരക്ഷകരായി സ്വയം വിശേഷിപ്പിച്ച് അധമ മാര്‍ഗ്ഗങ്ങളിലൂടെ ഭരണം പിടിച്ചെടുത്തു എന്നതു കൊണ്ടും അതിനു വേണ്ടി ഹിന്ദുത്വ വേഷം അണിഞ്ഞു എന്നതു കൊണ്ടും മോദി യഥാര്‍ത്ഥ ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ച് മോദിയെ പിന്തുണക്കുന്ന ജനങ്ങള്‍ക്ക് മോദിയുടെ ആസൂത്രണങ്ങളുടെ ഗതി മനസ്സിലാകാതിരുന്നത് വീണ്ടും മുതലെടുക്കുവാനും അതുവഴി കേരളം പിടിച്ചടക്കാനുമാണ് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നു എന്നല്ലാതെ മറ്റെന്താണ് മോദി ചെയ്യുന്നത്? മുസ്‌ലിംകളെ അക്രമിക്കുന്നതിന് പിന്തുണ നല്‍കുന്നതും നേതൃത്വം നല്‍കുന്നത് പോലും ഇതിനു വേണ്ടി മാത്രമാണെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും ഇന്ത്യന്‍ ജനത മനസ്സിലാക്കേണ്ടതുണ്ട്.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

ശബരിമലയും മുത്ത്വലാഖും: മതവിരുദ്ധതയെ യുക്തിയാക്കുന്നതെന്തിന്?

കേരളജനത വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് ഇപ്പോള്‍ ശബരിമല സ്ത്രീ പ്രവേശന വിധിയും അനന്തര സംഭവങ്ങളും. സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങള്‍ പോലും വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുത്ത്വലാഖ് ഓര്‍ഡിനന്‍സിനെതിരെ മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ മാഞ്ഞു തുടങ്ങിയപ്പോഴേക്കും ആഘോഷിക്കാന്‍ മറ്റൊരു മതവിഷയം തന്നെ നല്‍കിയതിന് മാധ്യമങ്ങള്‍ കേരളജനതയോട് കൃതജ്ഞത പ്രകടിപ്പിക്കുന്നുണ്ടാകും. ഏതായാലും, മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മതം യുക്തിരഹിതമാണ് എന്ന നിലപാട് സ്വീകരിക്കാനാണ് ഇപ്പോള്‍ മതവിശ്വാസികളും അനുകൂലികളും താല്‍പ്പര്യപ്പെടുത്തുന്നത് എന്നതാണ് ആശ്ചര്യകരം. ശബരിമല കേസില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ഏക ജഡ്ജി ജസ്റ്റിസ് ഇന്ദു മഹോല്‍ത്ര സ്വീകരിച്ച നിലപാടും അതു തന്നെയായിരുന്നു. മതവിഷയങ്ങളില്‍ യുക്തിയെ അന്വേഷിക്കരുത് എന്നാണവര്‍ പറഞ്ഞത്. മതം യുക്തിക്കു നിരക്കാത്തതാണെന്നു തോന്നിപ്പോകും ഇത്തരം പല വാക്കുകളും കേട്ടാല്‍. മതവിശ്വാസം യുക്തിരാഹിത്യവും മതവിരുദ്ധത യുക്തിയുമാക്കി മാറ്റാനുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ നടന്നു കൊണ്ടിരിക്കുന്നു എന്നര്‍...