ബി.ജെ.പി ഒരിക്കല്‍ കൂടി ഭരണത്തിലേറുകയാണെങ്കില്‍
ഇന്ത്യ ഹിന്ദു-പാകിസ്ഥാനായി മാറുമെന്ന തന്റെ വിവാദ പരാമര്‍ശത്തില്‍ മുന്‍ വിദേശകാര്യ
മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ഉറച്ചു നിന്നത് ബി.ജെ.പിക്കു കടുത്ത തലവേദനയായി
മാറി. ഹിന്ദു രാഷ്ട്രമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന തരൂറിന്റെ കടുത്ത ആരോപണത്തെ
തള്ളാനോ കൊള്ളാനോ കഴിയാത്ത ഇതികര്‍ത്തവ്യമൂഢാവസ്ഥയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര
മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും. കടലിനും ചെകുത്താനുമിടയില്‍ പെട്ടതു പോലെ
നിശ്ചലമായിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. തരൂറിന്റെ ഹിന്ദു-പാകിസ്ഥാന്‍ പരാമര്‍ശത്തില്‍
വാക്കുകള്‍ വിവാദമാക്കാന്‍ പോന്നതാണെന്നതു കൊണ്ട് അണികള്‍ സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും
കഠിന പ്രയത്‌നത്തിലേര്‍പ്പെട്ടപ്പോഴും തരൂര്‍ ഉയര്‍ത്തിയ ചോദ്യത്തിനു മുന്നില്‍ പകച്ചിരിക്കുകയാണ്
നേതാക്കള്‍.
ഹിന്ദു രാഷ്ട്ര സങ്കല്‍പത്തെ ബി.ജെ.പി അനുകൂലിക്കുന്നുണ്ടോ
എന്നതാണ് ബി.ജെ.പിയെ കുഴക്കുന്ന ആ ചോദ്യത്തിന്റെ കാതലായ ഭാഗം. ഹിന്ദു രാഷ്ട്രം എന്ന
സ്വപ്‌നത്തെ പരോക്ഷമായും കുറേയൊക്കെ പ്രകടമായും പ്രഖ്യാപിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ
അധികാരത്തിലേറിയവര്‍ മതേതരത്വത്തിന്റെ കപടമുഖം എടുത്തണിയാന്‍ ശ്രമം നടത്തുന്നതിനിടയിലാണ്
ശശി തരൂറിന്റെ പുതിയ വെല്ലുവിളി.
അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണവും ഏകസിവില്‍ കോഡും
മുഖ്യ അജണ്ടകളാക്കി ഉയര്‍ത്തിക്കാണിച്ചാണ് ബി.ജെ.പി ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തത്.
എന്നാല്‍, നോട്ടു നിരോധനം, ജിഎസ്ടി പോലുള്ള പദ്ധതികളിലൂടെ
ജനപിന്തുണ കുറയുകയും ഹിന്ദുത്വ അജണ്ടയുടെ വിലയിടുകയും ഹിന്ദുത്വ ഭീകരത കോടതികളുടെ വിമര്‍ശനങ്ങള്‍
പോലുമേറ്റു വാങ്ങുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഗോരക്ഷ പോലുള്ള ഹിന്ദുത്വ തീവ്രവാദ
പദ്ധതികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയും ചെയ്തത് അവര്‍ക്ക് തിരിച്ചടിയായി. ഇതോടെ, ഹിന്ദുത്വത്തിന്റെ
പേരില്‍ തങ്ങളെ അനുകൂലിക്കുന്നവര്‍ എതിര്‍ പാളയത്തിലേക്ക് കടക്കാതിരിക്കാനും മതേതര
മുഖം എടുത്തണിഞ്ഞ് ഇന്തൃയുടെ കാവല്‍ക്കാരായി സ്വയം പ്രഖ്യാപനം നടത്താനുള്ള നീക്കങ്ങള്‍
ഒരേ സമയം നടത്തേണ്ട ഗതികേടിലായി കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ബി.ജെ.പി. ഹിന്ദുത്വവാദത്തെ
പരസ്യമായി അനുകൂലിച്ചാല്‍ മതേതര പൊയ്മുഖം പൊളിഞ്ഞു വീഴുമെന്ന ആശങ്ക. ഹിന്ദു രാഷ്ട്ര
സങ്കല്‍പത്തെ എതിര്‍ത്താല്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ നേടിയെടുത്ത സ്വന്തം അനുയായികളെ
നഷ്ടപ്പെടുമെന്ന ആശങ്ക. അതു കൊണ്ട്, നിഷ്പക്ഷതയുടെയും തന്ത്രപൂര്‍വ്വമായ ഇടപെടലുകളുടെയും
ആസൂത്രണം മാത്രമേ ഫലിക്കുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് അവസരവാദത്തിന്റെ
പതിനെട്ടടവുകളും പയറ്റിക്കൊണ്ടിരിക്കുകയായിരുന്നു ബി.ജെ.പിയുടെ രാഷ്ട്രീയ ചാണക്യന്മാര്‍.
എന്നാല്‍, ഇതിനിടയില്‍ അപ്രതീക്ഷിതമായേറ്റ
തലക്കടി പോലെയായി തരൂരിന്റെ 'ഹിന്ദു-പാകിസ്ഥാന്‍' പരാമര്‍ശം.
ഉരുളക്കുപ്പേരി പോലെ മറുപടി പറയാന്‍ വെമ്പി
നില്‍ക്കാറുള്ള ബി.ജെ.പി നേതാക്കള്‍ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുറവിളി
കൂട്ടാന്‍ അനുയായികളെ അനുവദിച്ചതല്ലാതെ, ഈ ആരോപണത്തിനു മറുപടി പറയാന്‍ തയ്യാറയതേയില്ല. ഈ
സാഹചര്യത്തില്‍, പരാമര്‍ശം വിവാദമാക്കുന്നതു
മാത്രം പരിഗണിച്ചാല്‍ മതിയെന്നും മറുപടി നല്‍കാതെ സംഭവം ഒതുക്കണമെന്നും അവര്‍ തീരുമാനിച്ചു.
അതല്ലാതെ മറ്റൊരു പോംവഴി തങ്ങള്‍ക്കു മുന്നിലില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതു മനസ്സിലാക്കിത്തന്നെയാണ്
ശശി തരൂര്‍ പരാമര്‍ശം പിന്‍വലിക്കാതെ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനമെടുത്തതും.
വസ്തുതാപരമായി, കോണ്‍ഗ്രസിന് വന്‍ രാഷ്ട്രീയ വിജയം നേടിയെടുക്കാനുള്ള അവസരമായിരുന്നു അതെങ്കിലും
വിഷയത്തെ അവര്‍ കൈകാര്യം ചെയ്ത അപര്യപ്ത രീതിയാണ് സ്ഥിതിഗതികളുടെ കെട്ടും മട്ടും മാറ്റിയതെന്നു
ന്യായമായും സംശയിക്കാം.
അടിതെറ്റിയാല്‍ ആനയും വീഴും. നില്‍ക്കക്കള്ളിയില്ലാതായാല്‍
ബി.ജെ.പിയും പരുങ്ങും. വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ആസൂത്രിതമായി നടത്തുക എന്ന നയം പിന്തുടര്‍ന്നു
വന്നിരുന്ന ബി.ജെ.പി നേതാക്കള്‍ തന്നെ വര്‍ഗ്ഗീയ 'വിശേഷങ്ങള്‍' ഗണ്യമായി കുറച്ചു കൊണ്ടു വരുന്നു എന്ന അധികമാരും ശ്രദ്ധിക്കാത്ത യാഥാര്‍ത്ഥ്യം
സാധൂകരിക്കുന്നതിതു തന്നെയാണ്. സാമ്പത്തിക മേഖലയില്‍ തങ്ങള്‍ നടപ്പിലാക്കിയ ഭീമാബദ്ധങ്ങള്‍ക്കു
മുന്നില്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കാനല്ലാതെ മറ്റെന്തു ചെയ്യാനാണ് എന്ന ഭാവമാണ്
അവര്‍ക്കുള്ളത്. അതിനിടയില്‍ പുതിയ വിവാദങ്ങള്‍ കൂടി കടന്നു വന്നതോടെ പ്രതിരോധത്തിലേക്കു
വലിയേണ്ട ഗതിയായി പാവങ്ങള്‍. സുസ്ഥിരമായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടന താറുമാറാക്കിയതും
ജി.എസ്.ടിയിലൂടെ ചെറുകിട വ്യവസായങ്ങള്‍ പൊളിച്ചു കളഞ്ഞതും പ്രതികൂല ഘടകങ്ങളായി നിലനില്‍ക്കെത്തന്നെയാണ്
പുതിയ സംഭവ വികാസങ്ങളെന്നത് അവയുടെ കൊഴുപ്പ് കൂട്ടുന്നു. ഏതായാലും, ഹിന്ദു രാഷ്ട്ര സ്വപ്‌നം
അധികാര നേട്ടത്തിന്റെ കാതലായതു പോലെ അധികാര നഷ്ടത്തിന്റെ കാരണവുമാകുമോയെന്നാണ് ബി.ജെ.പി
ആശങ്കപ്പെടുന്നുണ്ടാവുക.
തൊട്ടു പിന്നാലെ, ഇന്ത്യയില്‍ പശുക്കള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍
കുറഞ്ഞ പരിഗണനയാണ് മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞത് ബി.ജെ.പിക്കാരുടെ
പരാജയ ഭീതി നിറഞ്ഞ മൗനം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കണം. അദ്ദേഹത്തിന്റെ
ഈ വാദം സുപ്രീം കോടതിയടക്കമുള്ള വിവിധ കോടതികള്‍ നടത്തിയ വിമര്‍ശനത്തിന്റെ മറ്റൊരു
ധ്വനിയായതു കൊണ്ട് ഇതിനെതിരെ മൗനം നിറഞ്ഞ ഇളിഭ്യച്ചിരി ചിരിക്കാന്‍ മാത്രമേ 'ഹിന്ദുത്വയുടെ കാവലാളരും' ഗോരക്ഷകരുമായ ബി.ജെ.പി
നേതാക്കള്‍ക്ക് സാധിച്ചുള്ളൂ. അദ്ദേഹത്തിന്റെ ഈ വാദം യാഥാര്‍ത്ഥ്യം തന്നെയെന്നു മൗനസമ്മതം
നടത്തേണ്ട ദയനീയമായ അവസ്ഥ നിലവിലെ സാഹചര്യത്തില്‍ നല്ലതല്ലെന്ന ബോധം തീര്‍ച്ചയായും
അവര്‍ക്കുണ്ടാകും. മുഹമ്മദ് അഖ്‌ലാഖ് മുതല്‍ തുടങ്ങുന്ന ഗോരക്ഷാ 'പദ്ധതി'യുടെ ഇരകളുടെ നീണ്ട
ലിസ്റ്റ് ഇനിയും അവരെ സഹായിക്കാനുണ്ടാകില്ല. ഇന്ത്യന്‍ ജനതയുടെ മതബോധവും ഹൈന്ദവ സമൂഹത്തിന്റെ
വിശ്വാസാചാരങ്ങളും ചൂഷണം ചെയ്യുകയായിരുന്നു ഇന്ത്യ ഭരിക്കുന്ന ഈ ഭരണാധിപന്മാരെന്ന്
ഇന്ത്യയിലെ യുവസമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു എന്ന വസ്തുത കോണ്‍ഗ്രസിന് ആശ്വാസകരമാണ്.
വര്‍ഗ്ഗീയത പരാജയപ്പെടുമെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചു തുടങ്ങിയതോടെ, പുതിയ പ്രചാരണങ്ങളും
പദ്ധതികളും കണ്ടെത്താനായിരിക്കും ബി.ജെ.പിയുടെ ശ്രമം. കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍
അവര്‍ക്കു കഴിയുമോ എന്ന ചോദ്യത്തിന്റെ മറുപടി രാഷ്ട്രീയത്തിന്റെ അനിശ്ചിതത്വങ്ങള്‍ക്കു
മേല്‍ മാറി മറിഞ്ഞു കൊണ്ടിരിക്കും.
Comments
Post a Comment