മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരണമാരംഭിക്കുകയും
രണ്ട് മൂന്ന് ലക്കങ്ങള്‍ക്കു ശേഷം പിന്‍വലിക്കേണ്ടി വരികയും ചെയ്ത എസ്. ഹരീഷ് എന്ന
യുവ എഴുത്തുകാരന്റെ 'മീശ' എന്ന നോവല്‍ രചിക്കപ്പെട്ടതു തന്നെ വിവാദമുണ്ടാക്കി വായനക്കാരെ
ആകര്‍ഷിക്കുക എന്ന തരം താഴ്ന്ന ലക്ഷ്യത്തോടെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അരാഷ്ട്രവാദവും അഴിഞ്ഞാട്ടവും പ്രോത്സാഹിപ്പിക്കുമ്പോള്‍, മതത്തെയും മതചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുക എന്നത് ഇത്തരം
എഴുത്തുകുത്തുകളുടെ അസ്തിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാന്‍ കഴിയും. സാമൂഹിക
പരിഷ്‌ക്കരണവും നവോത്ഥാനവുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന വ്യാജേന, പൊതുസമൂഹത്തെയും അവര്‍
പാരമ്പര്യമായി തുടര്‍ന്നു വരുന്ന വിശ്വാസങ്ങളെയും പ്രകോപനപരമായി അക്രമിക്കുകയും വിശ്വാസ
സംബന്ധമായി നടക്കുന്ന ചൂഷണങ്ങള്‍ എതിര്‍ക്കുന്നുവെന്ന വ്യാജേന അത്തരം സംഭവങ്ങള്‍ അനാവശ്യമായി
കൊട്ടിഘോഷിച്ച് മതം ചൂഷണവും സങ്കുചിതത്വവും മാത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും
ചെയ്യുന്നത് അവയുടെ പൊതുസ്വഭാവമാണ്. ലൈംഗികതയും മതവും കൂട്ടിക്കുഴയ്ക്കുക താരതമ്യേന
എളുപ്പവും അരാഷ്ട്രവാദത്തിന് ഏറെ സഹായകരവുമാണെന്നത് കൊണ്ടു തന്നെ, അത്തരം വിഷയങ്ങള്‍
കൂട ചേര്‍ക്കുന്നത് അവ സാഹിത്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നു ദ്യോതിപ്പിക്കാനുള്ള
കുതന്ത്രമാണോ എന്ന ആശങ്ക ന്യായമാണ്.
വിവാദങ്ങള്‍ നിര്‍മ്മിക്കുന്നതാണ് വായനക്കാരെ നേടുന്നതിന്
അനുയോജ്യമായ എന്നാല്‍ ഏറ്റവും വിജയകരമായ 'തന്ത്രം' എന്ന തിരിച്ചറിവ് നമ്മുടെ 'സാഹിത്യകാരന്മാരി'ലുണ്ടാക്കുന്ന പരിവര്‍ത്തനം
അപമാനകരമാണ്. സാമൂഹിക പുനരുത്ഥാനം, സമൂഹ നിര്‍മ്മിതമായ ബന്ധങ്ങളില്‍ നിന്നുള്ള മോചനം തുടങ്ങിയ
്സ്ഥിരം പല്ലവികളുമായി പരസ്പര സഹകരണത്തോടെയും ധാരണയോടെയും നീങ്ങുന്ന എഴുത്തുകാര്‍ നമ്മുടെ
സാഹിത്യത്തെ ലൈംഗികച്ചുവയുള്ളതും വര്‍ഗ്ഗീയ വിഷം കുത്തിക്കയറ്റുന്നതുമാക്കി പരിമിതപ്പെടുത്താന്‍
കഠിന പ്രയത്‌നം നടത്തുന്ന കാഴ്ച്ച, ധാരാളം ചര്‍ച്ചകള്‍ക്കു വഴിവെക്കുന്നുണ്ടെന്ന ന്യായീകരണമുണ്ടെങ്കിലും, അപലപനീയം തന്നെയാണ്.
അരാഷ്ട്രവാദവും അരാജകത്വവും യുക്തിവാദവും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും ലോകത്തെ നാശത്തിലേക്കു
നയിക്കുമെന്ന മറുവാദത്തെ സങ്കുചിത മനോഭാവത്തില്‍ നിന്നുയര്‍ന്നു വന്ന പുരോഗമനവിരുദ്ധ
വാദമായി മുദ്ര കുത്താന്‍ മടി കാണിക്കാത്ത 'സാംസ്‌കാരിക പ്രവര്‍ത്തകര്‍' ബോധപൂര്‍വ്വമോ അല്ലാതെയോ മലയാള സാഹിത്യത്തെ താഴ്ത്തിക്കാട്ടാനാണ്
ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഹരീഷിന്റെ നോവലില്‍ സ്ത്രീത്വത്തെയും മതവിശ്വാസികളെയും
ക്ഷേത്ര പൂജാരിമാരെയും അപമാനിച്ചത് ഈ പറഞ്ഞ ആസൂത്രിത നയത്തിന്റെ ഭാഗമായാണെന്ന സൂചനയാണ്
പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലുണ്ടായ സൈബര്‍ ആക്രമണങ്ങള്‍
കൊണ്ടു മാത്രം ഒരു സാഹിത്യ സൃഷ്ടി പിന്‍വലിക്കേണ്ട സാഹചര്യം നിലവില്‍ കേരളത്തിലില്ല
എന്നാണ് സമീപ കാല സാഹചര്യ വിശകലനം നമ്മെ ബോധ്യപ്പെടുത്തുക. കാരണം, സാമൂഹ്യ മാധ്യമങ്ങള്‍
ഒരധ്വാനവുമില്ലാതെ ആര്‍ക്കും എന്തും എഴുതാനും ഏതു തരത്തിലുള്ള ഭീഷണികളും മുഴക്കാനുമുള്ള
പബ്ലിക് പ്ലാറ്റ്‌ഫോമുകളാണ്. അതു കൊണ്ട്, സൈബര്‍ ആക്രമണം കൊണ്ടു മാത്രമാണ് നോവല്‍ പിന്‍വലിച്ചത്
എന്നു വിശ്വസിക്കുന്നതിനുമപ്പുറം, പൊതുവേ നോവലിലുള്ള ലൈംഗികച്ചുവയും ഒരുപക്ഷേ, ഇപ്പോള്‍ കണ്ടതിലും
ഭയാനകരമായ പല കാര്യങ്ങളും തുടര്‍ അദ്ധ്യായങ്ങളിലും കാണാന്‍ സാധ്യതയുണ്ടോ എന്ന അന്വേഷണമാണ്
നല്ലതെന്നു തോന്നുന്നു.
നോവല്‍ സാങ്കല്‍പികമാണെന്ന് പറഞ്ഞ് എഴുത്തുകാരനെ
ന്യായീകരിക്കുന്നവര്‍ മറ്റു സാഹിത്യ രചനകളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതെന്തിനാണെന്നു
വ്യക്തമാക്കേണ്ടതുണ്ട്. തീവ്രവാദ നയത്തില്‍ പിന്തുടരുന്ന ഇരട്ടത്താപ്പ് തന്നെയാണ് ഇവിടെയും
അവര്‍ പിന്തുടരുന്ന നയം. സാംസ്‌കാരിക മൂല്യച്ചോര്‍ച്ചകള്‍ മാത്രം 'സങ്കല്‍പ്പിച്ച്' രചിക്കുന്ന സാഹിത്യകാരന്മാരും
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്ന 'സാഹിത്യകാരന്മാരും' തുല്ല്യരല്ലാതിരിക്കുന്നതെങ്ങനെയാണ്? വികല ചിന്തകള്‍ മാത്രം
'സങ്കല്‍പിക്കുന്ന' എഴുത്തുകാര്‍ സമൂഹത്തെ
പരിഷ്‌ക്കരിക്കാന്‍ നിയോഗിക്കപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകരാണെന്ന് അന്ധമായി വിശ്വസിക്കണമെന്ന
വാദം ബാലിശമാണ്.
സമൂഹത്തിന്റെ ബന്ധനങ്ങളില്‍ നിനനുള്ള മോചനോപാധിയാണ്
സ്വതന്ത്രമായി വികസിപ്പിച്ചെടുക്കുന്ന ഇത്തരം ആശയങ്ങളെന്നാണ് 'എഴുത്തുകാര്‍' പൊതുവേ സമര്‍ത്ഥിക്കാറുള്ളത്. സമൂഹം അല്ലെങ്കില്‍
ആള്‍ക്കൂട്ടം തങ്ങളുടെ ശത്രുവാണെന്ന് വിധിക്കുന്ന വിചിത്ര സ്വഭാവമാണിതെന്ന് ചിന്തിച്ചാല്‍
മനസ്സിലാകും. സമൂഹം ഒരു ഭീകരജീവിയാണെന്ന വികലമായ കാഴ്ച്ചപ്പാടായിരിക്കാം ഇതിന്റെ പിന്നിലെ
ഹേതുകമായി വര്‍ത്തിക്കുന്നത്. സമൂഹത്തിലെ ഓരോ വ്യക്തിയും ഉള്‍ക്കൊള്ളുന്ന സംഘടിത രൂപമാണ്
സമൂഹം. സമൂഹത്തെ ശത്രുവാക്കുന്നവര്‍ താനല്ലാത്ത മറ്റുള്ളവരെല്ലാം തന്റെ എതിരാളിയാണെന്നു
വിധിയെഴുതുന്നതിനോ മറ്റുള്ളവര്‍ തെമ്മാടികളും അപരിഷ്‌കൃതരും സാമൂഹിക ബന്ധനങ്ങളുടെ പ്രയോക്താക്കളുമാണെന്ന്
സ്ഥാപിക്കുന്നതിനോ മടി കാണിക്കുന്നില്ല എന്നാണ് അവരുടെ തല്‍സ്വഭാവത്തില്‍ നിന്നും വ്യക്തമാകുന്നത്.
നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് സമൂഹത്തിന്റെ കുറ്റമല്ല. ഒരാള്‍ മറ്റൊരാളോട് ഇടപഴകുമ്പോള്‍
തീര്‍ച്ചയായും ചില മര്യാദകള്‍ പാലിക്കുകയും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കുകയും
ചെയ്യണം. അത് അനേകം പേരോടാകുമ്പോള്‍ അതിന്
അതിന്റേതായ പ്രാധാന്യം
കൈവരുന്നത് സ്വാഭാവികമാണല്ലോ. അല്ലാതെ, ഒരൊറ്റ ഭൂഗോളത്തില്‍ വസിക്കുന്ന എഴുന്നൂറ് കോടി
ജനങ്ങളില്‍ ഓരോരുത്തരും താന്‍ പൂര്‍ണ്ണ സ്വതന്ത്രനാണെന്നും ലോകത്തു കാണുന്നതെല്ലാം
തനിക്കു സ്വന്തമാണെന്നും കരുതിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ് ഇന്ന് ഏറ്റവും കൂടുതല്‍
ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു കാര്യം. സ്വതന്ത്രമായി കൈ വീശാനുള്ള നമ്മുടെ സ്വാതന്ത്ര്യം
അന്യന്റെ മൂക്കിന്‍ തുമ്പത്ത് അവസാനിക്കുന്നു എന്നു സാധാരണ പറയാറുണ്ട്. അതുപോലെ, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും
അതിന്റേതായ പരിധിയുണ്ട്. മറ്റൊരാളെ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ അവരുടെ സ്വാതന്ത്ര്യങ്ങള്‍
ഹനിക്കാനോ ഒരാള്‍ക്കും അവകാശമില്ല. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമായാണ്
പരിചയപ്പെടുത്തുന്നത്. അന്യന്റെ വിശ്വാസത്തെയും പ്രത്യയശാസ്ത്രങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള
അധികാരം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നാണ് ഭരണഘടന ഉദ്‌ഘോഷിക്കുന്നത്.
ഏറ്റവും രസകരമായ വസ്തുത, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ ഭേദിച്ച് 'സാഹിത്യ സാമ്രാട്ടുകള്‍' നടത്തുന്ന വിവാദോല്‍പാദക രചനകളെ അനുകൂലിക്കുന്നവര്‍
തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന ഇതേ രൂപത്തിലുള്ള രചനകളെ നിഷ്‌ക്കരുണം എതിര്‍ക്കുന്നു
എന്നതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധി സാഹിത്യകാരന്‍ എന്ന ലേബലുമായി ബന്ധിച്ചു
നില്‍ക്കുകയാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
വിവാദങ്ങള്‍ ലക്ഷ്യമാക്കിയിറങ്ങുന്ന 'മീശ' പോലുള്ള 'ഐതിഹാസിക' രചനകള്‍ ബഹിഷ്‌കരിക്കപ്പെടേണ്ടതു
തന്നെയാണ്. 'സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍' എന്ന വിശേഷണം ഇത്തരം രചനകളുടെ കര്‍ത്താക്കള്‍ക്ക് ലഭിക്കും എന്നതായിരിക്കാം ഇത്തരം
അരാഷ്ട്രവാദങ്ങളുടെയും രചനകളുടെയും പിറവിക്കു കാരണമെന്ന യാഥാര്‍ത്ഥ്യം കേരളീയ ജനത ഉള്‍ക്കൊള്ളണം.
ലൈംഗികതയും മതനിന്ദയും അനര്‍ത്ഥ വിമര്‍ശനങ്ങളും മാത്രമാണ് സാഹിത്യ രചനകള്‍ എന്ന സങ്കുചിത
മനോഭാവം ഇല്ലായ്മ ചെയ്യപ്പെടണം. വിവേക പൂര്‍ണവും ആസ്വാദ്യ യോഗ്യവുമായ രചനകള്‍ മലയാളത്തില്‍
ഇനിയും പിറക്കണമെങ്കില്‍ സാഹിത്യ ലോകത്തെ വരേണ്യ വിഭാഗം മാറിച്ചിന്തിക്കണം. ഹരീഷിനെപ്പോലുള്ള
യുവ എഴുത്തുകാര്‍ പോലും ഈ രൂപത്തിലാണ് ചിന്തിക്കുന്നത് എന്ന വസ്തുത ആശങ്കാജനകമാണ്.
തലമുറ മാറ്റം പോലും മൂല്യശോഷണം സംഭവിച്ച ഇത്തരം ചിന്താഗതികള്‍ക്കു മാറ്റം വരുത്തില്ലെന്നാണതിനര്‍ത്ഥം.
സാഹിത്യ രചനയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സകല സീമകളും ലംഘിച്ച് എഴുത്തുകുത്തുകള്‍
നടത്തുന്നവര്‍ക്ക് നിരുപാധിക പിന്തുണ നല്‍കുന്ന സാഹിത്യ 'രാജാക്കന്മാര്‍' മലയാള സാഹിത്യത്തെയാണ് നശിപ്പിക്കുന്നതും താഴ്ത്തിക്കെട്ടുന്നതും എന്ന് മനസ്സിലാക്കുന്നത്
നല്ലതാണ്. മലയാള സാഹിത്യം തന്നെ ലൈംഗികതയാണ് എന്ന പൊതുബോധം സൃഷ്ടിക്കപ്പെടാതിരിക്കാന്‍, സാഹിത്യ രചനകളെ നിര്‍ണ്ണിത വിഷയങ്ങളില്‍ മാത്രം
ഒരുക്കുന്ന രചനാ രീതിയെ എതിര്‍ക്കുക തന്നെ വേണം എന്നു വ്യക്തം.
Comments
Post a Comment