Skip to main content

ആലിംഗനവും കണ്ണിറുക്കലും; രാഹുലിന്റെ യുദ്ധതന്ത്രം വിജയിക്കുമോ?


                ശക്തമായ തിരിച്ചു വരവിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സൂചനകളാണ് കോണ്‍ഗ്രസിന്റെ ഓരോ രാഷ്ട്രീയ നീക്കവും നല്‍കിക്കൊണ്ടിരിക്കുന്നത്. അവസാനമായി, പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഗംഭീര പ്രഭാഷണവും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത് കണ്ണിറുക്കിയതുമെല്ലാം രാഷ്ട്രീയ നേട്ടങ്ങളാക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചുവെന്ന് വേണം പറയാന്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി നേരിടാന്‍ പോകുന്ന കോണ്‍ഗ്രസിന് കരുത്തും ഊര്‍ജ്ജവും പകരാന്‍ പോകുന്നതായിരിക്കും ഇവയെല്ലാം എന്ന് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പുതിയ ഭാവങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും. വിശാല സഖ്യത്തിനു തുടക്കം കുറിക്കാനുള്ള പദ്ധതിയും ഹിന്ദുത്വ-വര്‍ഗ്ഗീയ വിരുദ്ധ ചേരി എന്ന വ്യാഖ്യാനവും ജനങ്ങളെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും ആകര്‍ഷിക്കാന്‍ പോന്ന സംഗതികളായി മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ മുന്‍തൂക്കം നേടുമോ എന്ന ആശങ്ക ബിജെപി ക്യാമ്പില്‍ പടര്‍ന്ന് പിടിച്ചിട്ടുണ്ട്.
                റാഫേല്‍ കരാറിലും മറ്റു സാമ്പത്തിക ഇടപാടുകളിലും നരേന്ദ്ര മോദി വന്‍ പരാജയമായിരുന്നു എന്നു തുറന്നു കാട്ടിയ രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണം ഭരണപക്ഷ എം.പിമാരുടെ പോലും കൈയ്യടികള്‍ ഏറ്റു വാങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി 'താങ്കള്‍ക്ക് ഇപ്പോള്‍ എന്റെ മുഖത്ത് നോക്കാന്‍ സാധിക്കുന്നില്ലല്ലോ, മോദീജി' എന്നു പക്വമായ ഭാഷയില്‍ വെല്ലുവിളിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സദസ്സിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയും സമര്‍ത്ഥനായ പോരാളിയായി വിലയിരുത്തപ്പെടുകയും ചെയ്തു. നരേന്ദ്ര മോദിയും ബിജെപിയുമാണ് കോണ്‍ഗ്രസിന്റെ ആവശ്യകത തനിക്കു ബോധ്യപ്പെടുത്തിത്തന്നതെന്ന് അദ്ധേഹം പറഞ്ഞത് രാഷ്ട്രീയ എതിരാളികളെ ഹഠാദാകര്‍ഷിച്ചുവെന്ന് അവരുടെ ആംഗ്യ വിക്ഷേപങ്ങളില്‍ നിന്നും വ്യക്തമാണ്. 'മോദിജീ, താങ്കള്‍ക്ക് വേണമെങ്കില്‍ എന്നെ പപ്പു എന്നു വിളിക്കാം. വിദ്വേഷം വെച്ചു പുലര്‍ത്താം. പക്ഷേ, ഞാനൊരിക്കലും ആരെയും വെറുക്കില്ല'. ഈ വാക്കുകളുമായി തന്റെ പ്രസംഗം അദ്ധേഹം ഉപസംഹരിച്ചപ്പോള്‍ ഉയര്‍ന്ന കരഘോഷത്തില്‍ കേന്ദ്രമന്ത്രിമാര്‍ വരെ പങ്കെടുത്തിരുന്നു. രാഷ്ട്രീയമായി വന്‍ വിജയമായിരുന്നു ആ പ്രസംഗമെന്ന് ചുരുക്കം.
                തീപ്പൊരി പാറിയ പ്രഭാഷണത്തിനു ശേഷം പാര്‍ലമെന്റിനെ സ്തബ്ധമാക്കിക്കൊണ്ട് ഭരണപക്ഷത്തിന്റെ ഇരുപ്പിടത്തില്‍ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആലിംഗനം നടത്തിയ രാഹുല്‍ ഗാന്ധി താനൊരു തികഞ്ഞ രാഷ്ട്രീയക്കാരനാണെന്ന് തെളിയിച്ചു. ആലിംഗനം ചെയ്യുമ്പോള്‍ മോദിയുടെ മുഖത്തുണ്ടായിരുന്ന ഭാവം പരാജ ഭീതിയുടെയും ശക്തമായ ആഘാതത്തിന്റേതുമായിരുന്നെന്ന് ഇന്ത്യന്‍ ജനത ലൈവായി കണ്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ട്രോളുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുഖഭാവവും ഇടം പിടിച്ചു. മോദിയുടെ അടുത്ത് നിന്ന് സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിയ രാഹുല്‍ ഗാന്ധി മറ്റൊരു പാര്‍ലമെന്റംഗത്തെ നോക്കി കണ്ണിറുക്കിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായി. കണ്ണിറുക്കല്‍ രാജ്യത്തെ പരമോന്നത സഭയില്‍ നടക്കേണ്ടതായിരുന്നില്ലെന്ന് ബിജെപി നേതാക്കളും മന്ത്രിമാരും ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതിന്റെ രാഷ്ട്രീയ നേട്ടം രാഹുലിനും കോണ്‍ഗ്രസിനും തന്നെയായിരുന്നു.
                പാര്‍ലമെന്റില്‍ നടന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറുന്ന നേരത്ത്, നരേന്ദ്ര മോദിയുടെയും ഭരണപക്ഷത്തിന്റെയും ശരീര ഭാഷ പരാജയത്തിന്റേതായിരുന്നു. സമ്മര്‍ദ്ധം മൂലം പ്രതിരോധത്തിലേക്ക് ഉള്‍വലിയേണ്ട ഗതികേടുമായി അവര്‍ ബഹളം വെച്ചപ്പോള്‍, വിജയികളുടെ ഭാവത്തോടെ രാഹുലും സംഘവും പാര്‍ലമെന്റിനെ കീഴടക്കുകയായിരുന്നു. ഇടവേള സമയത്ത് തന്റെ പ്രസംഗത്തെ ഭരണപക്ഷ എം.പിമാര്‍ പോലും അഭിനന്ദിച്ചുവെന്ന് രാഹുല്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം തന്നെയായിരുന്നുവെന്ന് കാമറകള്‍ തെളിയിച്ചു. അതും ബി.ജെ.പിക്ക് വലിയ ക്ഷീണമായി എന്ന കാര്യം ശ്രദ്ധേയമാണ്.
                പ്രധാനമന്ത്രിയാകാന്‍ ഇത്ര തിടുക്കമെന്തിനാണെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിച്ചു കൊണ്ട് മറുപടി പ്രഭാഷണമാരംഭിച്ച നരേന്ദ്ര മോദി ആംഗ്യ വിക്ഷേപങ്ങള്‍ കൊണ്ടും പരിഹാസം കൊണ്ടും അദ്ദേഹത്തെ ഇകഴ്ത്താനും കളിയാക്കാനും ശ്രമിച്ചുവെങ്കിലും പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിലും 'രാഹുല്‍ പ്രഭാവ'ത്തിലും മുങ്ങിപ്പോയ സഭയില്‍ അതിനു വേണ്ടത്ര പരിഗണന ലഭിച്ചില്ല. അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താന്‍ സാധിച്ചെങ്കിലും തങ്ങളുടെ സഖ്യകക്ഷികളില്‍ പലരുടെയും പിന്തുണ നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയാനുള്ള അവസരം കൂടിയായിരുന്നു ബി.ജെ.പിക്ക് അവിശ്വാസ പ്രമേയ ചര്‍ച്ചാ വേള. മോദിയുടെ മോടി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അസ്തമിക്കും എന്ന് രാമചന്ദ്ര ഗുഹയടക്കമുള്ള വിചക്ഷണര്‍ നടത്തിയ പ്രവചനത്തിന്റെ സാക്ഷാതക്കാരത്തിലേക്കാണോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് എന്ന ചോദ്യം, ഉപര്യുക്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും, പ്രസക്തമാണ്.
                റാഫേല്‍ യുദ്ധവിമാന കരാറില്‍ നടത്തിയ തന്‍രെ അഴിമതി ആരോപണത്തെ, പാര്‍ലമെന്റ് സംഭവങ്ങളുടെ തൊട്ടടുത്ത ദിവസം തന്നെ, വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരികയും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കുകയും നരേന്ദ്ര മോദിയെ വീണ്ടും പരിഹസിക്കുകയും ചെയ്തു കൊണ്ട് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്ത ട്വീറ്റ് അദ്ദേഹം രണ്ടും കല്‍പ്പിച്ചാണിറങ്ങിയിരിക്കുന്നത് എന്ന സൂചനയാണ് നല്‍കുന്നത്. അഭ്യന്തര പ്രശ്‌നങ്ങളില്‍ ഉഴറിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയില്‍ അംഗങ്ങള്‍ക്കിടയിലും മറ്റുള്ളവരുമായും നടക്കുന്ന ആശയസംഘട്ടനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കഴുത്തില്‍ കത്തി വെക്കുന്നതിനു തുല്ല്യമാണ് എന്ന് ഇനിയും അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. വര്‍ഗ്ഗീയതയും തീവ്ര ഹിന്ദുത്വവാദവും മുതലെടുത്ത് ഭരണം ആരംഭിച്ച എന്‍.ഡി.എ സര്‍ക്കാര്‍ സാമ്പത്തിക രംഗം തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന പൊതുധാരണ യാഥാര്‍ത്ഥ്യം തന്നെയാണെന്ന് ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സാധിച്ചു എന്നതാണ് അവരുടെ ഏറ്റവും വലിയ വിജയം. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അതിന്റെ സ്വാധീനം പ്രതിഫലിക്കുമെന്നു തീര്‍ച്ചയാണ്. ഒരു വലിയ യുദ്ധത്തിനു കച്ച കെട്ടിയിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസിനു മുന്നില്‍ പതറിക്കൊണ്ടിരിക്കുന്ന ബി.ജെ.പിക്കും എന്‍.ഡി.എ സഖ്യത്തിനും ഇനി നേരിടാനുള്ളത് നിര്‍ണ്ണായക നിമിഷങ്ങളാണ്.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...