Skip to main content

കൈയ്യും കൂപ്പി ഏമാന്മാര്‍; ജനാധിപത്യം നടക്കട്ടെ


    തെരഞ്ഞെടുപ്പ് അടുത്തതോടെ ഏമാന്മാര്‍ കൈയ്യും കൂപ്പി നടന്നു തുടങ്ങി. പ്രധാനമന്ത്രിയടങ്ങുന്ന 'ജനസേവകര്‍' സകല ജനങ്ങളെയും അഭിവാദ്യം ചെയ്തും 'ബഹുമാനിച്ചും' ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ച്ച കാണുമ്പോള്‍ കുറച്ചു കാലത്തേക്കെങ്കിലും 'ജനാധിപത്യം' കാണാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കാന്‍ തോന്നുന്നു. പണം വാരിയെറിഞ്ഞും വാഗ്ദ്ധാനപ്പെരുമഴകള്‍ പെയ്യിച്ചും രംഗം കൊഴുപ്പിച്ച് എങ്ങനെയെങ്കിലും അഞ്ചു വര്‍ഷക്കാലത്തേക്ക് ഒരു കസേര ഒപ്പിക്കാനുള്ള വ്യഗ്രത കാണുമ്പോള്‍ ചിരി വരുന്നു.
    ജനങ്ങളെ കഴുതകളാക്കുന്നവര്‍ക്ക് ഈ ഗതി തന്നെ വരണം. ചിലപ്പോള്‍, അവര്‍ മനസ്സില്‍ പറയുന്നുണ്ടാവും, കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലോ എന്ന്. അതു പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്, ഈയടുത്ത് ഏതോ പത്രത്തില്‍ വന്ന ഒരു കാര്‍ട്ടൂണിലെ രംഗം. പാമ്പ് രൂപികളായ നേതാക്കള്‍ ഓന്തുകളായ ജനങ്ങള്‍ക്ക് വാഗ്ദ്ധാനങ്ങളുമായി വരുന്ന രംഗം. പാമ്പുകള്‍ പരസ്പരം പറയുന്നതിങ്ങനെയാണ്: 'ഇവര്‍ക്ക് വേണ്ടത് വാഗ്ദ്ധാനങ്ങളാണ്, അതെത്രയും കൊടുത്തോളൂ. ഒന്നും പേടിക്കാനില്ല, അവര്‍ പെട്ടെന്നു മറന്നു പോകുന്ന കൂട്ടരാണ്'. ചിന്തിച്ചപ്പോള്‍ പച്ച യാഥാര്‍ത്ഥ്യമാണല്ലോയെന്നു തോന്നി.
    സത്യാനന്തര രാഷ്ട്രീയത്തിന്റെ കാലത്ത്, തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക വിഷയങ്ങളായി മാറുന്നതില്‍ പലതും പച്ചക്കള്ളങ്ങളോ അല്ലെങ്കില്‍ പൊതുജനപ്രശ്‌നങ്ങളല്ലാത്ത ഊതിവീര്‍പ്പിച്ച അര്‍ദ്ധസത്യങ്ങളോ ആണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു പകരം വിശ്വാസങ്ങളെയും നിര്‍മ്മിത സത്യങ്ങളെയും കൂട്ടു പിടിച്ചു കൊണ്ടുള്ള അരാഷ്ട്രീയമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. അതു കൊണ്ടാണ്, പശുവും രാമക്ഷേത്രവും ശബരിമലയും ഒക്കെ നമ്മുടെ തെരഞ്ഞെടുപ്പിലെ ചര്‍ച്ചകളായി മാറുന്നത്.
    അടിസ്ഥാന പ്രശ്‌നങ്ങളും ഭൗതിക വികസനവും സാമ്പത്തിക ചൂഷണവും സ്വകാര്യവത്ക്കരണവും തൊഴില്‍രാഹിത്യവു(പട്ടിക ഇനിയും നീളുന്നു)മൊക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ വരുന്നത് ആരുടെ പരാജയമാണെന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. അതൊക്കെ നേരത്തെ സൂചിപ്പിച്ച 'ജനാധിപത്യം' അംഗീകരിക്കുന്നതായി അഭിനയിച്ചു കൊണ്ടിരിക്കുന്ന കള്ള രാഷ്ട്രീയക്കാരുടെ വിജയവും ഇന്ത്യന്‍ ജനതയുടെ പരാജയവുമാണെന്ന തിരിച്ചറിവ് തീര്‍ച്ചയായും നമുക്കുണ്ടാകേണ്ടതുണ്ട്. എന്തു പറഞ്ഞിട്ടും കാര്യമില്ല. തല്‍ക്കാലം, 'ജനാധിപത്യം' തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും നടപ്പിലുണ്ടാകുമല്ലോ എന്ന് സമാധാനിക്കാന്‍ ശ്രമിക്കാം.

Comments

Post a Comment

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

ഭേദഗതികളും വെളിപ്പെടുത്തലുകളും മോദിയുടെ കുറ്റസമ്മതം

സർക്കാർ നടത്തിയ നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി ഏകീകൃത നികുതി സംവിധാനത്തിൻറെയും 'ഗുണ ഗണങ്ങള്‍' വിശദീകരിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. താത്ക്കാലിക തിരിച്ചടികള്‍ മാത്രമാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും വൈകാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖല പുരോഗതിയിലേക്കു തിരിച്ചു കയറുമെന്നുമുള്ള ആശ്വാസ വാചകങ്ങള്‍ അദ്ധേഹം ഉരുവിട്ടു. ബിജെപിയിലെ മുന്‍ ധനമന്ത്രി അടക്കമുള്ള നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരുമുള്‍പ്പെടെ നിരവധിയാളുകള്‍ സാമ്പത്തിക രംഗത്തെ പുതിയ 'നടപടികളെ' വിമര്‍ശിച്ച് രംഗത്തെത്തിയതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രിക്ക് മറ്റൊന്നും പറയാനില്ലല്ലോ. എന്നാല്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ ഒരു കുറ്റസമ്മതമായിരുന്നു, തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന പരസ്യമായ കുറ്റസമ്മതം. ജിഎസ്ടിയും നോട്ട് നിരോധനവും കൃത്യമായ ധാരണകളോടെ ആസൂത്രിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആ വാക്കുകളുടെ ധ്വനിയെന്ന് മനസ്സിലാക്കാന്‍ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല.    വിമര്‍ശനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു എന്നും ഇനിയും നിഷ്‌ക്രിയരായി തുടരാന്‍ കഴിയില്ല ...