Skip to main content

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം; ഈ ചോദ്യങ്ങള്‍ക്ക് ആരു മറുപടി പറയും?


    വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് കെപിസിസി അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിനു സഹായകമാകുമെന്ന നിഗമനത്തിലാണിത്. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ മത്സരത്തിനായി എത്തുന്നത് നിരവധി ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇട നല്‍കുന്നുണ്ട്. അതോടൊപ്പം, ഈ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടുകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിരുദ്ധമാകുമോ എന്ന പരിശോധനയും അനിവാര്യമാണ്.
    ഒന്നാമതായി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളികളായ ബിജെപിക്കെതിരെയാണല്ലോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ മത്സരിക്കേണ്ടത്. എന്നാല്‍, അദ്ദേഹം ബിജെപി ചിത്രത്തിലില്ലാത്ത ഒരു മണ്ഡലത്തില്‍ മത്സരിക്കുന്നതിലൂടെ ഫലത്തില്‍ അവിടെ ബിജെപിയെ പ്രമോട്ട് ചെയ്യുന്ന ഒരു നീക്കമായി അതു മാറില്ലേ? കേരളത്തില്‍ ആരെങ്കിലും ബിജെപിക്കെതിരെ മത്സരിക്കുമോ, മത്സരിക്കാമോ?
    രണ്ടാമതായി, രാഹുല്‍ ഗാന്ധി നിലവില്‍ ദേശീയ തലത്തില്‍ വേരോട്ടമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മത്സരിക്കാമോ? രാഷ്ട്രീയമായി അവര്‍ക്ക് മുതലെടുപ്പ് നടത്താനുള്ള അവസരമായി അതു മാറില്ലേ? കേവലം പ്രാദേശികമായി ഒതുങ്ങിക്കഴിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വീണ്ടും ദേശീയ പാര്‍ട്ടിയാക്കി മാറ്റുന്നതിന് കോണ്‍ഗ്രസ് സഹായിക്കേണ്ടതുണ്ടോ?
    മൂന്നാമതായി, ലോക്‌സഭയില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കാമെന്നു തീരുമാനിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മുഖ്യ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്നത് ആ നിലപാടിനു വിരുദ്ധമല്ലേ? ആ മത്സരത്തിനു അതിന്റെ പ്രാദേശിക മാനം നഷ്ടപ്പെടുന്നിടത്താണ് ഈ ചോദ്യം പ്രസക്തമാകുന്നത്.
    നാലാമതായി, അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി പരാജയഭീതി മൂലമാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന ആരോപണം ബിജെപി ഉന്നയിക്കുകയും പ്രചാരണായുധമായി ഉപയോഗിക്കുകയും ചെയ്യില്ലേ? ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രചാരണം നടത്തേണ്ടി വരുന്ന രാഹുലിന് അതു രാഷ്ട്രീയമായി വലിയ വെല്ലുവിളിയാവില്ലേ?
    അഞ്ചാമതായി, ഉത്തരേന്ത്യയില്‍ പ്രചാരണം നടത്തുന്നതു പോലെ ദക്ഷിണേന്ത്യയിലും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നത് ബിജെപിക്ക് സഹായകമാകാനിടയില്ലേ? കുപ്രചാരണങ്ങള്‍ നടത്തുന്നതിനും സത്യാനന്തര രാഷ്ട്രീയം കളിക്കുന്നതിനും ബിജെപിക്ക് ആവശ്യത്തിലധികം സമയം ലഭിക്കുമ്പോള്‍, അതു പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവുമോ?
    ആറാമതായി, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷയൊരുക്കുന്നത് വന്‍ ബാധ്യതയാവില്ലേ?
    ഏഴാമതായി, തെരഞ്ഞെടുപ്പില്‍ രാഹുല്‍ ജയിച്ചതിനു ശേഷം ആറു മാസത്തിനുള്ളില്‍ വയനാട്ടില്‍ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് അഭികാമ്യമാണെന്ന് ഇപ്പോള്‍ തന്നെ പറയാന്‍ കഴിയുമോ? അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതല്ലേ?
    അവസാനമായി, രാഹുല്‍ ഗാന്ധി ഇവിടെ മത്സരിക്കുന്നതു കൊണ്ട് ബിജെപിയുടെ സീറ്റുകള്‍ കുറയില്ല എന്ന് ഉറപ്പാണല്ലോ. ഇരുപത് സീറ്റും തങ്ങള്‍ക്കു തന്നെ കിട്ടണമെന്ന കേരളാ കോണ്‍ഗ്രസിന്റെ തികച്ചും പ്രാദേശികമായ ലക്ഷ്യപൂര്‍ത്തീകരണോപാധി മാത്രമായി ഈ സ്ഥാനാര്‍ത്ഥിത്വം ചുരുക്കുന്നത് ശരിയാണോ? നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ബിജെപിക്കെതിരെ മഹാസഖ്യം കെട്ടിപ്പടുക്കാനുള്ള രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ശ്രമം പരാജയപ്പെടാനല്ലേ ഇത് ഉപയോഗപ്പെടുകയുള്ളൂ?

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

ഭേദഗതികളും വെളിപ്പെടുത്തലുകളും മോദിയുടെ കുറ്റസമ്മതം

സർക്കാർ നടത്തിയ നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി ഏകീകൃത നികുതി സംവിധാനത്തിൻറെയും 'ഗുണ ഗണങ്ങള്‍' വിശദീകരിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. താത്ക്കാലിക തിരിച്ചടികള്‍ മാത്രമാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും വൈകാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖല പുരോഗതിയിലേക്കു തിരിച്ചു കയറുമെന്നുമുള്ള ആശ്വാസ വാചകങ്ങള്‍ അദ്ധേഹം ഉരുവിട്ടു. ബിജെപിയിലെ മുന്‍ ധനമന്ത്രി അടക്കമുള്ള നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരുമുള്‍പ്പെടെ നിരവധിയാളുകള്‍ സാമ്പത്തിക രംഗത്തെ പുതിയ 'നടപടികളെ' വിമര്‍ശിച്ച് രംഗത്തെത്തിയതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രിക്ക് മറ്റൊന്നും പറയാനില്ലല്ലോ. എന്നാല്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ ഒരു കുറ്റസമ്മതമായിരുന്നു, തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന പരസ്യമായ കുറ്റസമ്മതം. ജിഎസ്ടിയും നോട്ട് നിരോധനവും കൃത്യമായ ധാരണകളോടെ ആസൂത്രിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആ വാക്കുകളുടെ ധ്വനിയെന്ന് മനസ്സിലാക്കാന്‍ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല.    വിമര്‍ശനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു എന്നും ഇനിയും നിഷ്‌ക്രിയരായി തുടരാന്‍ കഴിയില്ല ...