സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിച്ച ഇന്ത്യന്‍ ജനത ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ തന്നെയാണോ തങ്ങള്‍ ആഘോഷിച്ചത് എന്ന് സന്ദേഹിക്കേണ്ടി വന്നു. ഗൗരി ലങ്കേഷ് എന്ന ആധുനിക ഇന്ത്യയുടെ 'സ്വാതന്ത്ര്യ സമര പോരാളി' സ്വാതന്ത്ര്യ ധ്വംസകരുടെ കറുത്ത കരങ്ങളാല്‍ ജീവന്‍ വെടിഞ്ഞ സംഭവം ജനാധിപത്യ വിശ്വാസികള്‍ക്ക് താങ്ങാനാവാത്തതായിരുന്നു. ആ സമര്‍പ്പിത ജീവിതത്തിന്റെ നിര്‍ഭാഗ്യകരമായ ദാരുണാന്ത്യം ഭാരതത്തിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത പാട് കൂടി തുന്നിച്ചേത്തു. ഈയവസരത്തില്‍, യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യം നിലവിലുണ്ടോ എന്ന വസ്തുതാപരമായ വീക്ഷണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. വിവിധ മേഖലകളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വതന്ത്രമായി ഇടപെടാന്‍ സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അനല്‍പമായ പ്രസക്തിയുണ്ടല്ലോ.
സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഇതു വരെയുള്ള ഇന്ത്യയെ കൃത്യമായി അവലോകനം ചെയ്താല്‍ ഇന്ത്യ 'സ്വതന്ത്ര രാജ്യം' എന്ന സ്വപ്നം ഇനിയും സാക്ഷാത്ക്കരിച്ചിട്ടില്ല എന്ന വസ്തുത ബോധ്യമാകും. 2014ല്‍ മോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്തതു മുതല്‍ ഇന്ത്യ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും 'ആധുനിക ഇന്ത്യ' സ്വതന്ത്ര ഇന്ത്യയില്‍ നിന്നും എത്രയോ അകലെയാണെന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു. നീതി നേടിയെടുക്കാനുള്ള സാധാരണക്കാരുടെ അവകാശം പോലും നിഷേധിക്കപ്പെടുകയാണ് പലപ്പോഴും. എന്നാല്‍, വന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ രാഷ്ട്രീയ മേല്‍വിലാസത്തിന്റെ മറവില്‍ പെട്ടെന്നു തന്നെ തടിയൂരുന്നു. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. മാധ്യമ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവുമെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ ഭരണാധികാരികളുടെ ഭാഗത്തു നിന്നു തന്നെയാണ് ഉണ്ടാകുന്നത് എന്നത് ഏറെ ആശങ്കയുളവാക്കുന്നു. ഹിന്ദുത്വവാദികളും ഗോരക്ഷകരും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരും ദലിതരടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവരും സ്വകാര്യത മൗലികാവകാശമല്ലെന്ന് വാദിച്ച് വ്യക്തിസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നവരും ഒരേ കൊടിയുടെ കീഴില്‍ അണിനിരക്കുന്നവരാണ് എന്നതും ആശാവഹമായ കാര്യമല്ല.
ഭരണകൂടവിരുദ്ധ നിലപാടുകള്‍ ഭരണഘടനക്കു വിരുദ്ധമാണ് എന്നു സ്ഥാപിക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നവര്‍ സ്വതന്ത്ര ഇന്ത്യയെ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തില്‍ മുഖ്യ പങ്കു വഹിക്കുന്നു. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവര്‍ ഭരണഘടനാ വിരുദ്ധരാണെങ്കില്‍ രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ നേതാക്കളും അഴിയെണ്ണേണ്ടി വരുമെന്നു തീര്‍ച്ചയാണ്. കാരണം, ഭരണകൂടത്തെ പൂര്‍ണ്ണമായും അനുകൂലിക്കുന്നവര്‍ പ്രതിപക്ഷത്തിരിക്കില്ലല്ലോ. എന്നാല്‍, ഭരണകൂടവിരുദ്ധ കാഴ്ച്ചപ്പാടുകള്‍ ഭരണഘടനാ വിരുദ്ധവും രാജ്യദ്രോഹവുമാണെന്ന് സ്ഥാപിക്കാനാണ് നിലവിലെ സര്‍ക്കാര്‍ തുടക്കം മുതലേ ശ്രമിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയും സ്വതന്ത്ര ഇന്ത്യക്കു വേണ്ടിയും നിഷ്പക്ഷമായി പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയുണ്ടകളേറ്റു പിടഞ്ഞു വീഴാനുള്ള കാരണവും സര്‍ക്കാറിന്റെ ഈ നയമാണ് എന്നതില്‍ സംശയമില്ല. അവര്‍ ആവിഷ്‌കാര സ്വാതന്ത്ര്യ പോരാട്ടത്തിലെ രക്തസാക്ഷിയാകേണ്ടി വന്നത് സര്‍ക്കാരിന്റെയും ആര്‍എസ്എസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും അക്രമ രാഷ്ട്രീയത്തിനെതിരെ ശബ്ദിച്ചതു കാരണത്താലാണെന്നുറപ്പാണ്. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ല എന്ന ഫാസിസ്റ്റു നിലപാടിന് ശക്തി പകര്‍ന്നു കൊണ്ടു നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലാണ് നടക്കുന്നത് എന്നു പറയുമ്പോള്‍ ഇന്ത്യയുടെ ജനാധിപത്യ മുഖം ലോകത്തിനു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു എന്നു മനസ്സിലാക്കേണ്ടതുണ്ട്. ധീര രക്തസാക്ഷിത്വം വരിച്ച് മരണമടഞ്ഞതിനു ശേഷവും ഗൗരി ലങ്കേഷിനെ ഫെയ്‌സ്ബുക്കിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും വിമര്‍ശിക്കാനും അപകീര്‍ത്തിപ്പെടുത്താനും തയ്യാറായ ഭാരതീയ സംസ്‌കാരങ്ങളുടെ ശത്രുക്കള്‍ ഇന്ത്യയെന്ന രാഷ്ട്രത്തിനു തന്നെ കളങ്കമാണ് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഇടതു യുവനേതാവ് കനയ്യ കുമാര്‍ രാജ്യത്തൊന്നാകെയും രാജ്യാന്തര തലത്തില്‍ തന്നെയും പ്രശസ്തിയാര്‍ജ്ജിക്കാന്‍ കാരണം ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയതിന്റെ പേരില്‍ അദ്ധേഹത്തിനെതിരെ നടപടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ തുനിഞ്ഞതായിരുന്നു. രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തിനു നേരെ ഇത്ര ശക്തമായ തീരുമാനം കൈകൊണ്ടത് ഇന്ത്യയുടെ ഭാവി തലമുറയ്ക്ക് ഭീതിദമായ ഒരു സന്ദേശം നല്‍കാനായിരുന്നു. 'സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല, നിങ്ങളുടെ ജീവിതം ഞങ്ങളുടെ ആജ്ഞകള്‍ക്കനുസൃതമായിരിക്കണം' എന്ന അധികാര സ്വരത്തിലുള്ള സന്ദേശം. ഇന്ത്യയിലെ ഓരോ പൗരനും ഭരണകൂടത്തെ ക്രിയാത്മകമായും അല്ലാതെയും വിമര്‍ശിക്കാനുള്ള അവസരമുണ്ട്. തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന ഫാസിസ്റ്റു നയം സ്വീകരിക്കുന്ന നരേന്ദ്ര മോദി തുടര്‍ന്നും ഇന്ത്യ ഭരിക്കുകയാണെങ്കില്‍ ഇപ്പോള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന പരിമിത സ്വാതന്ത്ര്യത്തിനു തന്നെ ഇനി അധിക നാള്‍ ആയുസ്സുണ്ടാകില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കിരാത മര്‍ദ്ധനങ്ങളും അതിക്രമങ്ങളും ഫാഷന്‍ പോലെ നടപ്പാക്കിയ ഗുജറാത്ത് മോഡല്‍ ഇന്ത്യയിലൊന്നാകെ നടപ്പിലാക്കാനാണ് നരേന്ദ്ര മോദിയും അദ്ധേഹത്തിന്റെ സര്‍ക്കാറും ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് എന്ന സംശയം അസ്ഥാനത്തല്ല. ഇനിയൊരു തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് പോലും പറയാനാവാത്ത അവസ്ഥ സംജാതമാവുക എന്നാല്‍ ജനാധിപത്യ ഇന്ത്യ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നാണര്‍ത്ഥം. തത്വത്തില്‍, ബിജെപിയും ആര്‍എസ്എസും തുടരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിക്കാതിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യമെന്ന ഇന്ത്യയുടെ മൂല്ല്യം ഭരണഘടനയില്‍ നിന്നു തന്നെ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ്. അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുള്ള അവകാശം ഭരണഘടന മൗലികാവകാശങ്ങളുടെ കൂട്ടത്തിലാണ് എണ്ണിയത്. അഭിപ്രായ പ്രകടനങ്ങളെ രാജ്യദ്രോഹമായി എണ്ണുന്ന ഇന്ത്യ ജനാധിപത്യ രാജ്യമാണ് എന്നോ സ്വതന്ത്ര രാഷ്ട്രമാണ് എന്നോ വിശേഷിപ്പിക്കണമെന്ന വാദം ബാലിശമല്ലേ?
മതേതരത്വമെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യം ഇനിയും പിന്തുടരേണ്ടെന്നാണ് ബിജെപി, ആര്‍എസ്എസ് പോലെയുള്ള സംഘടനകളിലെ തീവ്രഹിന്ദുത്വവാദികള്‍ വാദിക്കുന്നത്. എല്ലാ പൗരന്മാരും ഹിന്ദുമതാനുഷ്ഠാനങ്ങള്‍ അവലംബിക്കണമെന്ന് പഖ്യാപിക്കുകയാണ് പുതിയ ഓരോ പ്രവര്‍ത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും ഇവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും. ഇതര മതനിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തി ഏക സിവില്‍ കോഡ് കൊണ്ടു വരുന്നതാണ് ഇന്ത്യക്ക് അനുയോജ്യം എന്ന് കോടതികളില്‍ ആവര്‍ത്തിച്ച് സത്യവാങ്മൂലങ്ങള്‍ നല്‍കിയതും ഏകസിവില്‍ കോഡ് ഇപ്പോള്‍ പാസാക്കും എന്ന രീതിയില്‍ വന്‍ പ്രചാരണങ്ങള്‍ നടത്തിയതും (ഇതു വരെ അതിനു കഴിഞ്ഞില്ലെങ്കിലും) മറ്റെന്താണ് തെളിയിക്കുന്നത്? സാഹിത്യരംഗത്തെ പ്രമുഖര്‍ മോദി സര്‍ക്കാര്‍ നല്‍കിയ പുരസ്‌ക്കാരങ്ങള്‍ തിരസ്‌ക്കരിച്ചത് വലിയ ഒരു പ്രതിഷേധമായിരുന്നു. ഫാസിസത്തിനും സ്വാതന്ത്ര്യഹത്യക്കുമെതിരെ നടന്ന നിശ്ശബ്ദമായ പ്രക്ഷോഭം. നാനാത്വത്തില്‍ ഏകത്വം എന്ന വിശാലനയം നൂറ്റാണ്ടുകളായി സ്വീകരിച്ചു വരുന്ന ഭാരതീയരോട് ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ ഭാരതീയരല്ല എന്ന് ആക്രോശിക്കുന്നതും വ്യക്തമാക്കുന്നത് ഇതു തന്നെയാണല്ലോ. മതവര്‍ഗ്ഗീയതയുടെ പേരില്‍ നിരവധി കൊലപാതകങ്ങളും അതിക്രമങ്ങളും നടന്നപ്പോള്‍ മോദി പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നതിന്റെ കാരണം ആലോചിക്കാവുന്നതേയുള്ളൂ. പൈതൃകങ്ങള്‍ക്കും പാരമ്പര്യത്തിനുമൊന്നും യാതൊരു പ്രാധാന്യവും കല്‍പ്പിക്കേണ്ടതില്ലെന്നും തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള പാവകള്‍ മാത്രമാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെന്നും രഹസ്യമായും പരസ്യമായിത്തന്നെയും ഉദ്‌ഘോഷിക്കാന്‍ യാതൊരു മടിയുമില്ല ഫാസിസ്റ്റ് ഭരണാധികാരികള്‍ക്ക്. മതത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ കൈയ്യും കെട്ടി നോക്കിച്ചിരിക്കാന്‍ പോലീസിനും കേന്ദ്രസേനക്കും നിര്‍ദ്ധേശം നല്‍കുകയും ചെയ്തു, സാധാരണക്കാര്‍ക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറാണെന്ന് വികാരപ്രകടനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി. ഹാഫിള് ജുനൈദെന്ന ഇന്ത്യന്‍ പൗരന്‍ അതിനിഷ്ഠൂരമായി കൊല്ലപ്പെടുകയും രാജ്യത്തൊട്ടാകെ അതു ചര്‍ച്ചയാകുകയും ചെയ്തുവെങ്കിലും സംഭവത്തെക്കുറിച്ച് പ്രതികരിക്കാതിരിക്കുകയായിരുന്നു രാജ്യത്തിന്റെ ഭരണം കൈയ്യാളുന്ന ആര്‍എസ്എസ് ഭരണകൂടം. സമ്മര്‍ദ്ധം മൂലം നടപടിയെടുക്കേണ്ട സാഹചര്യമുടലെടുക്കുകയും ഉടനടി കുറ്റവാളികളെ പിടികൂടേണ്ടി വരികയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്കിതില്‍ പങ്കില്ലേ എന്ന കപടഭാവം പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് അവരെ സംരക്ഷിക്കാനാണ് ഈ പിടികൂടല്‍ എന്നല്ലാതെ മറ്റൊരു സാധ്യതയും ഇതിലുണ്ടാവാന്‍ വഴിയില്ല. ഗൗരി ലങ്കേഷിന്റെയും ജുനൈദിന്റെയുമൊക്കെ കൊലപാതകങ്ങള്‍ അരാജകത്വം നിലനില്‍ക്കുന്ന ഒരു രാജ്യത്തല്ല (?) നടന്നത് എന്നറിഞ്ഞപ്പോള്‍ ലോകം മുഴുവനും മൂക്കത്തു വിരല്‍ വെച്ചിട്ടുണ്ടാകും. അല്ലാത്തവര്‍ ഇന്ത്യയെ ഭരിക്കുന്നത് അരാജകത്വമാണെന്ന് വിശ്വസിക്കുന്നവരായിരിക്കും. ഏതു മതവും സ്വീകരിക്കാന്‍ ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും അതു തങ്ങള്‍ അനുവദിക്കുന്ന രൂപത്തില്‍ മതി എന്ന് തീരുമാനിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ഈ തീരുമാനം മാറ്റാന്‍ കഴിയാത്തിടത്തോളം ഭാരതത്തിന് സ്വാതന്ത്ര്യം കിനാവില്‍ പോലും കാണാന്‍ കഴിയില്ല എന്നുറപ്പ്.
'കീഴാളര്‍', 'മേലാളര്‍' തുടങ്ങിയ വാക്കുകള്‍ക്കൊന്നും ജനാധിപത്യത്തില്‍ സ്ഥാനമില്ല. പാരതന്ത്ര്യത്തിന്റെ അടയാളങ്ങളായ മേല്‍വാക്കുകള്‍ ഇന്ത്യയുടെ സ്വത്വത്തിനു തന്നെ ഭീഷണിയാണ്. നിയമത്തിനും നീതിക്കും മുന്നില്‍ ഒരാള്‍ മറ്റൊരാളേക്കാള്‍ വംശം കൊണ്ടോ സമ്പത്തു കൊണ്ടോ മറ്റേതെങ്കിലും രൂപത്തിലോ ഉന്നതനാകില്ല എന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. ദലിതനായി എന്ന പേരിലോ മുസ്‌ലിമായി എന്ന പേരിലോ ഭൂരിപക്ഷ സമുദായാംഗമല്ല എന്ന പേരിലോ ഒരു പൗരന്‍ അക്രമിക്കപ്പെടുകയാണെങ്കില്‍ അതു പ്രതിരോധിക്കേണ്ടതും തടയേണ്ടതും ഭരണകൂടത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും കടമയാണ്. കാശ്മീര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലടക്കം ഇക്കാരണത്താല്‍ അക്രമണങ്ങളും 'ശിക്ഷ'കളും അനുഭവിക്കേണ്ടി വന്ന എത്രയോ ഇന്ത്യക്കാരുണ്ട്. സ്വാതന്ത്ര്യമെന്തെന്നറിയാത്ത ഇന്ത്യയുടെ പ്രതിനിധികളാണവര്‍. ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു എന്നല്ലാതെ ഇത്തരം അസമത്വങ്ങളില്‍ നിന്നും മോചനം നേടാന്‍ ഇന്ത്യക്ക് ഇനിയും സാധിച്ചിട്ടില്ല. അതിനു നേരിയ ശ്രമം പോലും നടത്താതെ ഇന്ത്യ ഭരിച്ച എല്ലാവര്‍ക്കും അതില്‍ പങ്കുണ്ട് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. കാരണം, ഇന്ത്യ എന്ന രാഷ്ട്രം രൂപപ്പെട്ടതു മുതല്‍ നാം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ശ്രമമാരംഭിച്ചിരുന്ന ഒന്നായിരുന്നു അസമത്വം. അതുകൊണ്ടു തന്നെ, സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരു പോലെ ലഭിക്കണമെന്ന നിയമം പ്രായോഗികവത്ക്കരിക്കാനും അസമത്വം തുടച്ചു നീക്കാനുമാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാത്ത സര്‍ക്കാരുകള്‍ കുറ്റക്കാരാണ് എന്നുറപ്പാണ്. ഇന്ത്യയില്‍ ഇന്നു നടന്നു കൊണ്ടിരിക്കുന്ന മിക്ക അതിക്രമങ്ങളും താഴ്ന്ന ജാതിക്കാര്‍ എന്ന് ആരോ വിധിയെഴുതിയ സാധാരണക്കാരായ ഒരുപാടാളുകള്‍ക്കു നേരെയാണ് നടക്കുന്നത്. എന്നാല്‍, സ്വാതന്ത്ര്യം എന്ന ചര്‍ച്ച തന്നെ അവസാനിപ്പിക്കാന്‍ ചില കേന്ദ്ര-സംസ്ഥാന ഗവര്‍ണ്‍മെന്റുകള്‍ ശ്രമിച്ചതും ശ്രമിച്ചു കൊണ്ടിരിക്കുന്നതും ഈ അക്രമങ്ങള്‍ തങ്ങളുടെയും ആവശ്യമാണ് എന്ന സമ്മതമാണ് അറിയിക്കുന്നത്. ഹിന്ദുത്വവാദികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളും അക്രമങ്ങളും, ചോദ്യം ചെയ്യാനാരുമില്ലാത്ത വിധമാണ് നിലവില്‍ ഇന്ത്യ മുന്നോട്ട് (അതോ പിന്നോട്ടോ?) നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന സൂചനയും ഇത് നല്‍കുന്നു. രാഷ്ട്രീയ നേതാക്കളും പണക്കൊഴുപ്പില്‍ എന്തും സാധിച്ചെടുക്കാന്‍ കഴിയുന്നവരും ഏതെങ്കിലും രൂപത്തില്‍ സ്വാധീനം നേടാന്‍ കഴിഞ്ഞവരുമൊക്കെ ഏതു കുറ്റകൃത്യത്തിലകപ്പെട്ടാലും പെട്ടെന്ന് പുറത്തിറങ്ങുന്നതാണ് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന അസമത്വത്തിന്റെ മറ്റൊരു ഉദാഹരണം. സാധാരണക്കാര്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെയും ജാമ്യം നില്‍ക്കാനാളില്ലാതെയും വര്‍ഷങ്ങളോളം ജയിലുകളില്‍ തന്നെ കഴിയേണ്ടി വരുന്നു എന്നതും ഇതിന്റെ മറുവശമാണ്.
വ്യക്തിസ്വാതന്ത്ര്യത്തിനു ഭീഷണിയാകുന്ന മറ്റൊരു നടപടിയാണ് പശുവിന്റെ പേരിലുള്ള ലിഖിത-അലിഖിത നിയമങ്ങളും അതിന്റെ പേരിലുള്ള അക്രമങ്ങളും. ഇന്ത്യയില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങള്‍ എന്തു കഴിക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, പശുവിനെ അറുത്ത് ഭക്ഷിക്കുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക വഴി പ്രയോഗത്തിലുള്ള പരിമിത സ്വാതന്ത്ര്യത്തിനു കൂടിയാണ് ഭരണകൂടം കൂച്ച് വിലങ്ങിടുന്നത്. പശുവും പോത്തുമടക്കം മാടുകളെ കാലിച്ചന്തയില്‍ വെച്ചു വില്‍പന നടത്തുന്നത് നിരോധിച്ച് കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു. കൂടാതെ, ഈ നിരോധനം വാണിജ്യ വ്യവസായിക മേഖലകളിലെ വ്യക്തിസ്വാതന്ത്ര്യം എടുത്തു കളയുകയും ചെയ്യുന്നു. ഒരു പൗരന്‍ എന്തു വില്‍ക്കണം, എവിടെ നിന്നു വില്‍ക്കണം, എന്തു ഭക്ഷിക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ നിശ്ചയിക്കുന്നത് -രാജ്യത്തിനു ഭീഷണിയാകാത്ത കാലത്തോളം- ഒരു നിലക്കും ഭരണകൂടത്തിന്റെ പരിധിയില്‍ പെടില്ല. ഇതൊക്കെ തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണ്. ഭാഗികമായി മാത്രം ലഭിക്കുന്ന സ്വാതന്ത്ര്യം വീണ്ടും വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യഹത്യാ വാര്‍ഷികങ്ങളാണ് സ്വാതന്ത്ര്യദിനമെന്ന പേരില്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായി ധാരാളം അക്രമങ്ങള്‍ പശുവിന്റെ പേരില്‍ നടന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ഗവര്‍ണ്‍മെന്റുകള്‍ സമര്‍ത്ഥമായി ഇടപെട്ടിരുന്നെങ്കില്‍ ഒഴിവാക്കാവുന്നതായിരുന്നു ഗോരക്ഷയുടെ പേരിലുള്ള ഈ അക്രമങ്ങളൊക്കെയും. എന്നാല്‍, നിരവധി കൊലപാതകങ്ങളും അക്രമങ്ങളും മര്‍ദ്ധനങ്ങളുമെല്ലാം നടന്നപ്പോഴും പ്രതികരിക്കാതിരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയടക്കമുള്ള ഭരണകര്‍ത്താക്കള്‍. അവസാനം മിണ്ടാതിരിക്കാനാവില്ല എന്ന ഘട്ടം വന്നപ്പോള്‍, ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളവസാനിപ്പിക്കണം എന്ന കേവലം വാക്കുകളിലൊതുങ്ങുന്ന വികാരപ്രകടനം നടത്തി അദ്ധേഹം തടിയൂരുകയും ചെയ്തു. ഗോരക്ഷയുടെ പേരില്‍ ഇന്ത്യയില്‍ നടന്ന അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ അമേരിക്കയില്‍ പോലും പ്രതിഷേധത്തിന്റെ അലയൊലികളുയര്‍ന്നു എന്നതും ശ്രദ്ധേയമാണ്. മനുഷ്യര്‍ക്ക് ലഭിക്കാത്ത ആനുകൂല്ല്യങ്ങള്‍ പശുവിന് നല്‍കണമെന്ന ഹിന്ദുത്വവാദികളുടെ വിചിത്രമായ ആവശ്യത്തിന് അവര്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഇതിന് മൗനസമ്മതം നല്‍കുകയാണ് ചെയ്തത്. പശുവിനെ സംരക്ഷിക്കാനോ അതിനെ ആരാധിക്കാനോ അല്ല ഫാസിസ്റ്റ് ഭീകരര്‍ താല്‍പര്യപ്പെടുന്നത്. മറിച്ച്, തങ്ങള്‍ ആഹ്വാനം ചെയ്യുന്ന രൂപത്തിലായിരിക്കണം ഇന്ത്യയുടെ ഭരണരീതി എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനും വര്‍ഗ്ഗീയ കലാപങ്ങള്‍ മുതലെടുത്ത് ജനപിന്തുണ നേടുകയുമാണ് ഇവരുടെ ലക്ഷ്യം. സംഘ്പരിവാര്‍ ആശയങ്ങള്‍ തന്നെ എല്ലാവരും സ്വീകരിക്കണമെന്ന് ആജ്ഞാപിക്കുന്നവരാണ് ഇന്ത്യയുടെ ഭരണയന്ത്രം കറക്കുന്നത് എന്നത് ആപത്കരം തന്നെയാണല്ലോ.
സ്വാതന്ത്ര്യഹത്യ പരമ്പരയിലെ പ്രധാനപ്പെട്ട മറ്റൊന്നായിരുന്നു സ്വകാര്യത വെളിപ്പെടുത്താതെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ പൗരന്മാര്‍ക്കില്ല എന്ന കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ വാദം. സ്വകാര്യതയെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ഭരണഘടനയിലില്ല എന്നാണ് അവര്‍ ഇതിന് കാരണം പറഞ്ഞത്. സ്വകാര്യത സംരക്ഷണം വ്യക്തിസ്വാതന്ത്ര്യവുമായും അഭിമാനവുമായും ബന്ധപ്പെടുന്നതാണ്. അതുകൊണ്ടു തന്നെ, സ്വകാര്യത വെളിപ്പെടുന്നതിലൂടെ അഭിമാനത്തിനു ക്ഷതമേല്‍ക്കുകയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുന്നു. അഭിമാനം സംരക്ഷിക്കപ്പെടുക എന്ന ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം സ്വകാര്യത വെളിപ്പെടുന്നതിലൂടെ നിഷേധിക്കപ്പെടുന്നു. സമ്പൂര്‍ണ സ്വതന്ത്ര ഇന്ത്യ പൗരാഭിമാനത്തിനു പോലും വില നല്‍കുന്നില്ലെങ്കില്‍, പിന്നെ എന്തു സ്വാതന്ത്ര്യമാണ് ഇന്ത്യക്ക് അവകാശപ്പെടാനാവുക? ഐടി രംഗത്ത് കൂടുതല്‍ പുരോഗതികളുണ്ടായതോടെയാണ് സ്വകാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ടായത്. ആധാര്‍ സംബന്ധമായി സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തപ്പോഴാണ് സ്വകാര്യത എന്ന വിഷയം ചര്‍ച്ചകളില്‍ കൂടുതല്‍ സജീവമായത്. ഒരു പൗരന്റെ ഏതു വിവരവും ചോര്‍ത്തിയെടുക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന വിധി കോടതി പുറപ്പെടുവിച്ചിരുന്നെങ്കില്‍ സ്വതന്ത്ര ഇന്ത്യ എന്ന സങ്കല്‍പം കൂടുതല്‍ അകലുമായിരുന്നു. എന്നാല്‍, ഒമ്പതംഗ ഭരണഘടന ബെഞ്ച് സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ട് സ്വകാര്യത മൗലികാവകാശമാണെന്ന് വ്യക്തമാക്കിയതോടെ ജനാധിപത്യ വിശ്വാസികള്‍ക്ക് താല്‍ക്കാലികാശ്വാസം നേടാന്‍ കഴിഞ്ഞു.
പക്ഷേ, കോടതി വിധി പോലും തള്ളിക്കളഞ്ഞു കൊണ്ട് സ്വകാര്യതകള്‍ തങ്ങള്‍ക്കിഷ്ടമുള്ള രൂപത്തില്‍ ഉപയോഗപ്പെടുത്താനുള്ള പഴുതുകള്‍ അന്വേഷിക്കുകയാണ് കോര്‍പ്പറേറ്റുകളെയും മാധ്യമങ്ങളെയും തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ എന്ന വസ്തുത ആശ്വാസ്യമല്ല. ഇന്ത്യയില്‍ നിന്നും പൗരസ്വാതന്ത്ര്യം തുടച്ചു നീക്കുക വഴി ജനാധിപത്യ സംവിധാനം തന്നെ തകര്‍ക്കാനുള്ള ജനാധിപത്യ വിരുദ്ധരുടെ ശ്രമങ്ങള്‍ തടയേണ്ടതും അതിനായി തെരഞ്ഞെടുപ്പുകളെ ഉപയോഗിക്കേണ്ടതും ഓരോ പൗരന്റെയും കടമയാണ്. സ്വാതന്ത്ര്യമെന്ന സ്വപ്നം സഫലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അതിനെ കാണേണ്ടതും അത്യാവശ്യമാണ്.
Comments
Post a Comment