Skip to main content

ഭീകരവാദികളായ നിരപരാധികളും നിരപരാധികളായ ഭീകരവാദികളും

സുന്നി അഫ്കാറിൽ പ്രസിദ്ധീകരിച്ച ലേഖനം
   ഭീകരതക്കെതിരായ പോരാട്ടമെന്ന് അവകാശപ്പെട്ടു കൊണ്ട് ലോകത്തെ വന്‍ ശക്തികളടക്കമുള്ള വിവിധ രാജ്യങ്ങള്‍ സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ അനന്തമായ പ്രശ്‌നമായി ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന ഉപരോധത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്താണെന്ന ചര്‍ച്ച ഇനിയും പൂര്‍ണമായിട്ടില്ല. ഭീകരപ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്നു എന്ന് പരസ്പരം ആരോപിക്കുന്ന ഇന്ത്യയും പാകിസ്താനും അതിര്‍ത്തി യുദ്ധങ്ങള്‍ ചെറിയ തോതിലെങ്കിലും നടത്തിക്കൊണ്ടിരിക്കുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ബദ്ധവൈരികളായി തുടരുന്ന ചൈനയും ഇന്ത്യയും ഭീകരരെയെന്ന പോലെയാണ് പരസ്പരം വീക്ഷിക്കുന്നത്. ഇന്നും ലോക പോലീസ് ചമയുന്ന അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ 72ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭീകരവാദത്തെക്കുറിച്ചും സമാനാന്തരീക്ഷത്തില്‍ ലോകത്ത് നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നുണ്ട്. ലോകത്താദ്യമായി ആറ്റംബോംബ് പരീക്ഷിച്ച അമേരിക്ക തന്നെയാണ് നിലവില്‍ ലോകത്ത് നടക്കുന്ന പല ആക്രമണങ്ങള്‍ക്കും പ്രകടമായോ പരോക്ഷമായോ കാരണമാകുന്നത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. സ്വന്തം നിലനില്‍പ്പിനു വേണ്ടി ഭരണകൂടത്തിനെതിരെ പോരാടേണ്ടി വരുന്നവരെയും അധിനിവേശകരുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍ ശ്രമിച്ച് പരാജിതരായി കൊല്ലപ്പെടുന്നവരെയുമൊക്കെ ഭീകരവാദികളായി ചിത്രീകരിക്കുന്ന പ്രവണതയാണ് മിക്ക ഭരണകൂടങ്ങളും പിന്തുടര്‍ന്നു പോരുന്നത്. ഇന്ത്യാ-പാക് പോരാട്ടങ്ങളില്‍ കൊല്ലപ്പെടുന്ന ഗ്രാമവാസികളെപ്പോലും ഭീകരരെന്ന് മുദ്ര കുത്താന്‍ സൈനികരും മാധ്യമങ്ങളുമൊന്നും യാതൊരു മടിയും കാണിക്കുന്നില്ല എന്ന വസ്തുത സമകാലിക മാധ്യമ വാര്‍ത്തകളില്‍ നിന്നും വ്യക്തമാണ്. 1945 ഓഗസ്റ്റ് 6ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലും അണുബോംബിട്ട അമേരിക്ക കൊന്നൊടുക്കിയത് ഭീകരരെയായിരുന്നില്ല, സാധാരണക്കാരായ ജനങ്ങളെയായിരുന്നു. ഈ വിഷയം പിന്നീട് ചര്‍ച്ച ചെയ്തപ്പോഴൊക്കെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറാനും ഭീകരതയെ ഉന്മൂലനം ചെയ്യാന്‍ അത് അത്യാവശ്യമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുമാണ് അവര്‍ ശ്രമിച്ചത്. ആറ്റം ബോംബ് വര്‍ഷത്തിന്റെ അനന്തരഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹിരോഷിമയിലെയും നാഗസാക്കിയിലെയും നാലഞ്ചു തലമുറകളടങ്ങുന്ന, ആയിരക്കണക്കിനു ജീവിക്കുന്ന 'രക്തസാക്ഷികള്‍'ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത തന്നെ അമേരിക്കക്കുണ്ട്. എന്നാല്‍, സ്ഥാനമൊഴിയുന്നതിന് അല്‍പ കാലം മുമ്പ് ജപ്പാന്‍ സന്ദര്‍ശിച്ച അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ജപ്പാന്‍ ജനതയോട് വാക്കാലുള്ള മാപ്പ് പോലും പറഞ്ഞില്ല. അതിനു പകരം, യുദ്ധങ്ങളില്‍ അത്തരം ചില കടുത്ത തീരുമാനങ്ങള്‍ ചിലപ്പോള്‍ എടുക്കേണ്ടി വരുമെന്ന് പറഞ്ഞ് സ്വന്തം ഭാഗം ന്യായീകരിക്കുകയാണ് അദ്ധേഹം ചെയ്തത്. സമാനതകളില്ലാത്ത ഇത്തരമൊരു പാതകത്തിന് മാപ്പു പറയുമെന്ന് പ്രതീക്ഷിച്ച് അത് വലിയ വാര്‍ത്തയാക്കി നല്‍കിയ ലോക മാധ്യമങ്ങള്‍ മൂക്കത്തു വിരല്‍ വെച്ചു പോയി എന്നു മാത്രം.
   ഹിരോഷിമയിലും നാഗസാക്കിയിലുമായി മൂന്ന് ലക്ഷത്തോളം ജീവനുകള്‍ കൊയ്‌തെടുക്കുകയായിരുന്നു ആറ്റംബോംബ് പ്രയോഗത്തിലൂടെ അമേരിക്ക ചെയ്തത്. ലിറ്റില്‍ ബോംബ് എന്നു പേരിട്ട ആറ്റംബോംബ് ഹിരോഷിമയിലെ കുട്ടികളും സ്ത്രീകളുമടങ്ങുന്ന ഒരു ലക്ഷത്തിലധികമാളുകള്‍ക്ക് തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായപ്പോള്‍ ഫാറ്റ്മാന്‍ എന്ന ആറ്റംബോംബ് മ്യൂസിയങ്ങളുടെ നാടായ നാഗസാക്കിയുടെ പതിനാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഒറ്റ നിമിഷത്തില്‍ അഗ്നിക്കിരയാക്കി. ആയിരക്കണക്കിനു നിരപരാധികളുടെ ജീവനെടുത്തു തുടങ്ങിയ 1945 ഓഗ്സ്റ്റ് 6 രാവിലെ 8:15 എന്ന സമയം ചരിത്രത്തില്‍ കറുത്ത പാടായി നിലകൊള്ളുന്നു. ഇന്നും അംഗവൈകല്ല്യവും മാറാവ്യാധികളും പേറി ജീവിക്കുന്ന ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആയിരങ്ങള്‍ ആധുനികതയുടെ രക്തസാക്ഷികളാണ്, തങ്ങള്‍ ചെയ്ത പാപമെന്തെന്നറിയാത്ത പാവങ്ങള്‍. ആണവശക്തി വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കയും ചൈനയും ഇന്ത്യയുമുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ മത്സരിക്കുമ്പോള്‍ മായാത്ത ഈ രക്തസാക്ഷികളുടെ മുഖങ്ങള്‍ സ്മൃതികളില്‍ ഒതുങ്ങുന്നു. ആറ്റംബോംബ് പ്രയോഗത്തിനു ശേഷവും അമേരിക്കയുടെ മിക്ക നീക്കങ്ങളും സര്‍വ്വവും കാല്‍ക്കീഴിലാക്കുക എന്ന 'ഭീകര' ലക്ഷ്യത്തോട് കൂടിയായിരുന്നുവെന്നതാണ് വസ്തുത. അതു തന്നെയാണ് ഇന്നും ലോകത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണവും. ആഗോള സാമ്പത്തിക മേഖല കീഴടക്കാനും ലോകത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനും എന്തു കുതന്ത്രവും പയറ്റാന്‍ അമേരിക്ക ധൈര്യം കാണിക്കുന്നു എന്നത് ആശങ്കാജനകമാണ്. ഇതിനായി ഭീകരവും നീചവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ പോലും അവര്‍ മടിക്കുന്നില്ല. ലോകമഹായുദ്ധങ്ങള്‍ മുതലേ അമേരിക്ക പിന്തുടര്‍ന്നു വരുന്ന പാരമ്പര്യവും വ്യക്തമാക്കുന്നത് ഇതു തന്നെയാണ്. ഇതിന് ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നായ അമേരിക്ക-ഉത്തരകൊറിയ വാഗ്വാദങ്ങള്‍ സൂചിപ്പിക്കുന്നതും അമേരിക്കയുടെ നീച ലക്ഷ്യങ്ങളിലേക്കാണ്. തങ്ങളെ വെല്ലാന്‍ പോന്ന ആണവ-സൈനിക ശക്തി ഉത്തരകൊറിയ നേടിയെടുക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ദക്ഷിണ കൊറിയയെ സഹായിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. അല്ലാതെ, ലോകത്ത് നടക്കുന്ന അക്രമങ്ങളിലും അതിക്രമങ്ങളിലും മനം നൊന്ത് ഇതൊന്നവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെയൊന്നുമല്ല അവര്‍ പ്രവര്‍ത്തക്കുന്നത്. തങ്ങളെ എതിര്‍ക്കുന്നവരെയും തങ്ങളുടെ അധീശത്വത്തിന് ഭീഷണിയാണെന്ന് തോന്നുന്നവരെയും വല്ല വിധേനയും കാല്‍ക്കീഴിലാക്കുക, അതിനു സാധിച്ചില്ലെങ്കില്‍ അവരെ ഭീകരാരായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തുകയും ഘട്ടം ഘട്ടമായി അവരെ ഒന്നടങ്കം നശിപ്പിക്കുകയും ചെയ്യുക എന്നതാണ് അമേരിക്ക പയറ്റുന്ന തന്ത്രം. അഫ്ഗാനിലെയും ഇറാഖിലെയും ഭരണരംഗം കൈയ്യടക്കി അവിടുത്തെ പ്രകൃതി വിഭവങ്ങള്‍ സ്വന്തം നാട്ടിലേക്കു കടത്തിക്കൊണ്ടു പോകുന്നതിന് അമേരിക്ക സ്വീകരിച്ച വഴി രാഷ്ട്രങ്ങളെ തമ്മിലടിപ്പിച്ച് തങ്ങളുടെ ഇടപെടലിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു. ഹിരോഷിമ-നാഗസാക്കിക്കു ശേഷവും ഏറ്റവും ശക്തിയേറിയ ആയുധങ്ങള്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് അമേരിക്ക തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം.

   അഫ്ഗാനിലെ നിരപരാധികളായ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയ അമേരിക്ക ആ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാവാത്ത വിധം മറച്ചു വെക്കാന്‍ കൂടി ശ്രമിച്ചതു കൊണ്ടാണ് ആക്രമണങ്ങളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു വരാത്തത്. ഇന്നും അഫ്ഗാനിലെ അമേരിക്കന്‍ പടയോട്ടം തുടര്‍ന്നു കൊണ്ടിരിക്കുന്നു. നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട നിരപരാധികളെ അഫ്ഗാനിലെ 'താലിബാന്‍ ഭീകരരാ'യി അവതരിപ്പിക്കുന്ന അമേരിക്ക വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കാനും മറക്കുന്നില്ല. ഏറ്റവുമവസാനമായി ദിവസങ്ങള്‍ക്കു മുമ്പ് അഫ്ഗാനില്‍ അമേരിക്ക നടത്തിയ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ലോകത്തേറ്റവും പ്രഹരശേഷിയുള്ള ആണവേതര ആയുധങ്ങളാണ് എന്ന വാര്‍ത്ത കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഇനിയുമെത്രയോ ഹിരോഷിമകളും നാഗസാക്കികളും ബാക്കിയുണ്ടോ എന്ന് സംശയിച്ചു പോകും. ഇറാഖില്‍ സദ്ദാമിനെ ഒതുക്കാന്‍ വേണ്ടി എന്ന പേരില്‍ അമേരിക്കന്‍ സൈന്യം നടത്തിയ നരനായാട്ട് ഇറാഖ് ജനത മറക്കാനായിട്ടില്ല. ഇറാഖ് ലോകത്തെ പ്രധാന രാഷ്ട്രങ്ങളോട് ഇടഞ്ഞു നിന്നത് സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. ഉത്തരകൊറിയയുടെ വിഷയത്തിലും ഇതേ രീതി തന്നെയാണ് പരീക്ഷിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. നിരപരാധികളെ കൊന്നൊടുക്കി ഭീകരാരില്‍ നിന്നും ഞങ്ങളാണ് ലോകത്തെ രക്ഷിച്ചു കൊണ്ടിരിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന അമേരിക്കയല്ലേ ഭീകരവാദത്തിന് പ്രകടമായും പരോക്ഷമായും അവസരങ്ങളൊരുക്കിക്കൊടുക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്. അമേരിക്കയുടെ ഇടപെടല്‍ മൂലം നടന്ന മറ്റൊരു സംഭവമാണ് ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഉപരോധം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ഖത്തറിനെതിരെ അവര്‍ ഉയര്‍ത്തിയ അപവാദം. അമേരിക്കകയുടെയും സൗദിയുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച്ച നടത്തുകയും കരാറുകളില്‍ ഒപ്പു വെക്കുകയും ചെയ്തതിനു പിന്നാലെയാണ് സൗദി അറേബ്യ ഉപരോധനീക്കവുമായി വരുന്നത് എന്ന വിഷയം തന്നെ അമേരിക്കയുടെ പങ്ക് വ്യക്തമാക്കിത്തരുന്നുണ്ട്. അല്‍ജസീറ ചാനല്‍ നിരോധിക്കുക എന്നതടക്കം ജിസിസി രാജ്യങ്ങള്‍ ഖത്തറിനോട് ഉന്നയിച്ച ആവശ്യങ്ങളും അമേരിക്കയുമായി ബന്ധപ്പെടുന്നതാണ് എന്ന് സ്പഷ്ടമാണ്. അല്‍ജസീറ ചാനല്‍ നേടിക്കൊണ്ടിരിക്കുന്ന ജനശ്രദ്ധ അവസാനിപ്പിക്കുകയാണ് അവരുടെ ഒരു ലക്ഷ്യം. അതിലൂടെ തങ്ങളുടെ കുത്തകകള്‍ വളര്‍ത്താനും വാര്‍ത്തകളെ വളച്ചൊടിക്കാനും പ്രയാസപ്പെടേണ്ടി വരില്ല എന്നായിരിക്കണം അമേരിക്ക കരുതുന്നത്. ഐടി മേഖലയില്‍ ഏറെ പുരോഗതി നേടിയ രാജ്യമാണ് ഖത്തര്‍. നൂതന വിവര സാങ്കേതിക രംഗത്ത് പുതിയ പരീക്ഷണങ്ങളും വിവര ശേഖരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഖത്തര്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്ക മനസ്സിലാക്കിയിട്ടുണ്ടാകണം. ഖത്തറിന്റെ പ്രമാദിത്വം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ എന്ന അവരുടെ അയല്‍ക്കാരെ തന്നെ കൂടെക്കൂട്ടിയതിനു പിന്നില്‍ ഒരുപാട് ലക്ഷ്യങ്ങളുണ്ട്. എണ്ണപ്പാടങ്ങളാല്‍ സമൃദ്ധമാണ് സൗദി അറേബ്യ എന്നതു തന്നെ ഇതില്‍ പ്രധാനം. ഉപരോധം ആരംഭിച്ചതിനു തൊട്ടു പിന്നാലെ അമേരിക്ക ഖത്തറുമായി നടത്തിയ ആയുധക്കരാര്‍ സൗദി അറേബ്യയുടെ പോലും കണ്ണ് തള്ളിച്ചിട്ടുണ്ടാകും. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ആയുധക്കച്ചവടക്കാരായ അമേരിക്കയുടെ കച്ചവടക്കണ്ണുകള്‍ കൂടി ഇവ്വിഷയത്തിലുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 2022 ലോകക്കപ്പ് നടത്തേണ്ട ഖത്തറിനെതിരെയാണ് ഉപരോധം നടത്തുന്നത് എന്നതിനാല്‍ ഉപരോധം അവസാനിപ്പിക്കാന്‍ വേണ്ടി ഖത്തര്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങുമെന്നും അവര്‍ക്കുറപ്പാണ്. യഥാര്‍ത്ഥത്തിലുള്ള ഭീകരരും നിരപരാധികളും ആരൊക്കെയാണെന്ന് മനസ്സിലാക്കാതെയാണ് മിക്ക രാജ്യങ്ങളും ഇത്തരം കാടത്തരങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നത്. ഇന്ത്യയും ഇസ്രായേലുമടങ്ങുന്ന രാഷ്ട്രങ്ങള്‍ ഇവയൊക്കെ പിന്തുണക്കാന്‍ കാരണം മുന്നില്‍ മറ്റു പോംവഴികളില്ല എന്ന തെറ്റിദ്ധാരണയാണ്. തങ്ങളുടെ രാജ്യപുരോഗതിക്ക് ധാര്‍മ്മിക മാര്‍ഗ്ഗങ്ങള്‍ മാത്രമേ അവലംബിക്കൂ എന്ന് എല്ലാ രാജ്യങ്ങളും തീരുമാനിച്ചു കഴിഞ്ഞാല്‍ യഥാര്‍ത്ഥ ഭീകരര്‍ പരാജയപ്പെടുകയും നിരപരാധികള്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യും.







Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...